സംസ്കൃതത്തിലെ ശ്ലോകങ്ങളെ വ്യാഖ്യാനിക്കുന്ന രീതി ഇതാണ്
ആദ്യം ശ്ലോകങ്ങളിലെ പദങ്ങളെ ഓരോന്നായി പിരിച്ച് എഴുതുന്നു. പിന്നീട് അവയുടെ അന്തലിംഗവിഭക്തികൾ നോക്കുന്നു. അവയ്ക്കനുസരിച്ച് ചേരുമ്പടി ചേർക്കുന്നു. ഇതിനെ ആണ് അന്വയം എന്നു പറയുന്നത്.

അന്വയിച്ചു കഴിഞ്ഞാൽ ഓരോ പദത്തിന്റെയും അർത്ഥം എഴുതി അന്വയാർത്ഥം മനസിലാക്കുന്നു. അതിനു ശേഷം സാരാംശം മനസിലാക്കുന്നു

പദങ്ങൾ ഉണ്ടാക്കുന്നത് ശബ്ദത്തിൽ നിന്നാണ്. ശബ്ദം എന്നത് ഏതു സ്വരത്തിലോ വ്യഞ്ജനത്തിലൊ അവസാനിക്കുന്നു എന്നതനുസരിച്ച് 'അ' കാരാന്തം 'ഇ' കാരാന്തം 'സ'കാരാന്തം ഇപ്രകാരം വിളിക്കപ്പെടുന്നു. മറ്റുപലതും ഉണ്ട് കേട്ടൊ
ലിംഗം മൂന്നു തരത്തില്പറയുന്നു പുല്ലിംഗം സ്ത്രീലിംഗം, നപുംസകലിംഗം.
വിഭക്തികൾ ഏഴെണ്ണം പ്രഥമ ദ്വിതീയ തൃതീയ ചതുർത്ഥി, പഞ്ചമി, ഷഷ്ഠി,സപ്തമി എന്നു. രാമൻ രാമനെ രാമനോട് രാമനായിക്കൊണ്ട്, രാമനാൽ രാമന്റെ, രാമനിൽ എന്ന് ഏഴെണ്ണവും പോരാതെ ഹേ രാമാ എന്നു വിളിക്കുന്ന സംബോധനപ്രഥമയും ഉണ്ട്.

വചനങ്ങൾ മൂന്ന് ഏകവചനം ദ്വിവചനം ബഹുവചനം ഇപ്രകാരം

ഇതിലെ അന്തം , ലിംഗം, വിഭക്തി, വചനം എന്നിവയാണ് ഓരോ പദത്തിന്റെയും നേരെ കൊടുത്തിരിക്കുന്ന അ പു പ്ര ഏ പോലെ ഉള്ള സൂത്രം അ - അകാരാന്തം , പു - പുല്ലിംഗം, പ്ര - പ്രഥമ, ഏ - ഏകവചനം. ആ സ്ത്രീ ഷ ബ - ആകാരാന്തം സ്ത്രീലിംഗം ഷഷ്ഠി ബഹുവചനം
അ എന്നു മാത്രം ബ്രാകറ്റിൽ കൊടുക്കുന്നത് അവ്യയം എന്നതിന്റെ ചുരുക്കെഴുത്ത്. ക്രിയാപദങ്ങളായ ലകാരങ്ങൾ (പത്ത് ലകാരങ്ങൾ ഉണ്ട് ലട് , ലിട് , ലുട്, ലങ്ങ് , ലിങ്ങ്, ലുങ്ങ്,ലോട്,ലൃട്,ലൃങ്ങ്, ആശിഷ് ലിങ്ങ് ഇപ്രകാരം അവ്വയും പരസ്മൈപദം/ ആത്മനേപദം എന്ന വിഭാഗവും, പ്രഥമപുരുഷൻ, മദ്ധ്യമപുരുഷൻ, ഉത്തമ പുരുഷൻ എന്ന വിഭാഗവും കൂടിയ ചുരുക്കെഴുത്താണ് ക്രിയാപദങ്ങളുടെ കൂടെ എഴുതുന്ന ലട് പ പ്ര പു ഏ തുടങ്ങിയവ അതായത് ലട് പരസ്മൈപദം പ്രഥമപുരുഷൻ ഏകവചനം

ക്രി വി എന്നത് ക്രിയാവിശേഷണം

Monday, June 25, 2012

ശ്രീകൃഷ്ണവിലാസം സര്‍ഗ്ഗം നാല്‌

1
സ രോഹിണീസൂനുനിബദ്ധരാഗഃ
സതാം ശരണ്യസ്തമസോപഹര്‍ത്താ
മനോഹരോ ബാല ഇവൗഷധീശോ
ദിനേ ദിനേ പോഷമിയായ ശൗരിഃ

സഃ (തച്ഛ പു പ്ര ഏ)
ശൗരിഃ (ഇ പു പ്ര ഏ) ശൗരി - കൃഷ്ണന്‍
രോഹിണീസൂനുനിബദ്ധരാഗഃ (അ പു പ്ര ഏ) രോഹിണീസൂനുവില്‍ നിബദ്ധമായ രാഗത്തോടുകൂടിയവനായി - ബലഭദ്രനില്‍ സ്നേഹത്തോടു കൂടി
സതാം (ത പു ഷ ബ) സത്തുക്കളുടെ
ശരണ്യഃ (അ പു പ്ര ഏ) ശരണ്യനായി - രക്ഷകനായി
തമസഃ (സ ന ഷ ഏ) തമസിന്റെ - ഇരുട്ടിന്റെ - അജ്ഞാനത്തിന്റെ
അപഹര്‍ത്താ (ഋ പു പ്ര ഏ) അപഹരിക്കുന്നവനായി
മനോഹരഃ (അ പു പ്ര ഏ) മനോഹരനായി
ബാലഃ (അ പു പ്ര ഏ) ബാലനായ
ഔഷധീശഃ (അ പു പ്ര ഏ) ചന്ദ്രന്‍
ഇവ (അ) എന്നപോലെ
ദിനേ , ദിനേ (അ ന സ ഏ) ദിവസം തോറും
പോഷം (അ പു ദ്വി ഏ) പോഷത്തെ - വളര്‍ച്ചയെ
ഇയായ (ലിട്‌ പ പ്രപു ഏ) പ്രാപിച്ചു

രോഹിണീപുത്രനായ ബലഭദ്രനോട്‌ ഏറ്റവും സ്നേഹമുള്ളവനായി, സത്പുരുഷന്മാരുടെ രക്ഷകനായി, അജ്ഞാനനാശകനായി ബാലനായ ചന്ദ്രനെ പോലെ കൃഷ്ണന്‍ ദിവസം തോറും വളര്‍ച്ചയെ പ്രാപിച്ചു

2

ത്യക്ത്വാ ഹരിഃസ്തൈന്യകൃതാപവാദം
തച്ഛൈശവം പ്രാപ്യ ദശാന്തരം സഃ
മന്യേ തദംഹഃപരിമാര്‍ജ്ജനായ
ഗവാം പരിത്രാണസമുദ്യതോഭൂത്‌

സഃ (തച്ഛ പു പ്ര ഏ)
ഹരിഃ (ഇ പു പ്ര ഏ) ഹരി
സ്തൈന്യകൃതാപവാദം (അ ന ദ്വി ഏ) സ്തൈന്യത്താല്‍ കൃതമായ അപവാദത്തോടുകൂടിയ - മോഷണത്താല്‍ ഉണ്ടാക്കപ്പെട്ട അപവാദത്തോടുകൂടിയ
തത്‌ (തച്ഛ ന ദ്വി ഏ)
ശൈശവം (അ ന ദ്വി ഏ) ശൈശവത്തെ
ത്യക്ത്വാ (ക്ത്വാ അ) ത്യജിച്ചിട്ട്‌
ദശാന്തരം (അ ന ദ്വി ഏ) ദശാന്തരത്തെ - അവസ്ഥാന്തരത്തെ
പ്രാപ്യ (ല്യ അ) പ്രാപിച്ചിട്ട്‌
ഗവാം (ഓ സ്ത്രീ ഷ ബ) പശുക്കളുടെ
പരിത്രാണസമുദ്യതഃ (അ പു പ്ര ഏ) പരിത്രാണനത്തില്‍ സമുദ്യതനായി - രക്ഷിക്കുന്നതില്‍ പ്രവര്‍ത്തിക്കുന്നവനായി
അഭൂത്‌ (ലുങ്ങ്‌ പ പ്രപു ഏ) ഭവിച്ചു
തദംഹഃപരിമാര്‍ജ്ജനായ (അ ന ച ഏ) തദംഹത്തിന്റെ പരിമാര്‍ജ്ജനത്തിനായി - അതു ഹേതുവായുണ്ടായ അംഹസ്സിന്റെ - പാപത്തിന്റെ, പരിമാര്‍ജ്ജനത്തിന്‌ ഇല്ലാതാക്കുന്നതിന്‌
മന്യേ (ലിട്‌ ആ ഉപു ഏ) എന്നു ഞാന്‍ വിചാരിക്കുന്നു

മോഷണത്താല്‍ ഉണ്ടാക്കപ്പെട്ട അപവാദപൂര്‍ണ്ണമായ ആ ശൈശവത്തെ വെടീഞ്ഞ്‌ കൗമാരത്തിലെത്തിയ കൃഷ്ണന്‍ പശുക്കളെ പരിപാലിക്കുന്നതില്‍ പ്രവര്‍ത്തിക്കുന്നവനായി ഭവിച്ചു. ഇത്‌ മുന്‍പുചെയ്ത മോഷണം കൊണ്ടുണ്ടായ പാപത്തിനെ ഇല്ലാതാക്കുന്വാനാണ്‌ എന്നു ഞാന്‍ വിചാരിക്കുന്നു

3
പുത്രേ തഥോദ്യോഗിനി നന്ദഗോപോ
ഗോപാലപുത്രാനനുനീയ സര്‍വാന്‍
ത്രാതുസ്ത്രയാണാമപി വിഷ്ടപാനാം
സംരക്ഷണേ തസ്യ സമാദിദേശ

പുത്രേ (അ പു സ ഏ) പുത്രന്‍
തഥാ (അ ) അപ്രകാരം
ഉദ്യോഗിനി (ന പു സ ഏ) ഉദ്യോഗിയായിരിക്കുമ്പോള്‍ - ചെയ്തുകൊണ്ടിരിക്കുമ്പോള്‍
നന്ദഗോപഃ (അ പു പ്ര ഏ) നന്ദഗോപന്‍
സര്‍വാന്‍ (അ പു ദ്വി ബ) എല്ലാ
ഗോപാലപുത്രാന്‍ (അ പു ദ്വി ബ) ഗോപാലപുത്രന്മാരെയും
അനുനീയ (ല്യ അ) അനുനയിച്ചിട്ട്‌ - അനുസരിപ്പിച്ചിട്ട്‌
ത്രയാണാം (ഇ ന ഷ ബ) മൂന്നു
വിഷ്ടപാനാം (അ ന ഷ ബ) വിഷ്ടപങ്ങളുടെയും - ലോകങ്ങളുടെയും
അപി (അ)
ത്രാതുഃ (ഋ പു ഷ ഏ) ത്രാതാവായ - രക്ഷകനായ
തസ്യ (തച്ഛ പു ഷ ഏ) അവന്റെ
സംരക്ഷണേ (അ പു സ ഏ) സംരക്ഷണത്തില്‍
സമാദിദേശ (ലിട്‌ പ പ്രപു ഏ) സമാദേശിച്ചു - നിയോഗിച്ചു

മകന്‍ ഇപ്രകാരം പശുപാലത്തിനു തുടങ്ങിയപ്പോള്‍ നന്ദഗോപന്‍ എല്ലാ ഗോപാലപുത്രന്മാരെയും വിളിച്ച്‌ മൂന്നു ലോകങ്ങളുടെയും രക്ഷകനായ കൃഷ്ണന്റെ രക്ഷക്കായി അവരെ നിയോഗിച്ചു

4

മാത്രാ കൃതസ്വസ്ത്യയനഃ പ്രഭാതേ
പിത്രാ പരിഷ്വജ്യ ചിരം വിസൃഷ്ടഃ
സഹൈവ രാമേണ സമഗ്രഹര്‍ഷഃ
വിനിര്യയൗ വിശ്വപതിര്‍വനായ

വിശ്വപതിഃ (ഇ പു പ്ര ഏ) വിശ്വപതി - ലോകരക്ഷകന്‍
പ്രഭാതേ (അ ന സ ഏ) പ്രഭാതത്തില്‍
മാത്രാ (ഋ സ്ത്രീ പ ഏ) മാതാവിനാല്‍
കൃതസ്വസ്ത്യയനഃ (അ പു പ്ര ഏ) കൃതമായ സ്വസ്ത്യയനത്തോടു കൂടിയവനായി - ആശീര്‍വദിക്കപ്പെട്ട്‌
പിത്രാ (ഋ പു പ ഏ) പിതാവിനാല്‍
ചിരം (അ) വളരെ നേരം
പരിഷ്വജ്യ (ല്യ അ) ആലിംഗനം ചെയ്തിട്ട്‌
വിസൃഷ്ടഃ (അ പു പ്ര ഏ) വിസൃഷ്ടനായി - വിട്ടവനായി
സമഗ്രഹര്‍ഷഃ (അ പു പ്ര ഏ) സമഗ്രഹര്‍ഷനായി പൂര്‍ണ്ണസന്തോഷവാനായി
രാമേണ (അ പു തൃ ഏ) രാമനോട്‌
സഹ (അ) കൂടി
ഏവ (അ) തന്നെ
വനായ ( അ ന ച ഏ) വനത്തിലേക്ക്‌
വിനിര്യയൗ (ലിട്‌ പ പ്രപു ഏ) വിനിര്യാണം ചെയ്തു - പോയി

യശോദ ആശീര്‍വദിക്കുകയും, നന്ദഗോപര്‍ വളരെ നേരം ആലിംഗനം ചെയ്തിട്ടു വിടുകയും ചെയ്ത കൃഷ്ണന്‍ ഏറ്റവും സന്തോഷത്തോടു കൂടി രാമനോടൊപ്പം വനത്തിലേക്കു യാത്രയായി
5

സ പ്രാതരാശീ വ്യതിഷിക്തപാണിര്‍-
യഷ്ടിം വഹന്നംസവിഷക്തശൃംഗഃ
വിമുച്യതാം ഗൗരിതി സംഭ്രമേണ
ഗഛന്‍ പ്രതിദ്വാരമവോചദുച്ചൈഃ

സഃ (തച്ഛ പു പ്ര ഏ) അവന്‍
പ്രാതരാശീ (ന പു പ്ര ഏ) പ്രാതരാശിയായി - പ്രാതഃകാലത്തില്‍ കാലത്ത്‌, അശിച്ചവനായി - ആഹാരം കഴിച്ചവനായി
വ്യതിഷിക്തപാണിഃ (ഇ പു പ്ര ഏ) വ്യതിഷിക്തങ്ങളായ - കഴുകപ്പെട്ട , പാണി - കൈകളോടു കൂടിയവനായി
യഷ്ടിം (ഇ പു ദ്വി ഏ) യഷ്ടിയെ - വടിയെ
വഹന്‍ (ത പു പ്ര ഏ) വഹന്നായി - വഹിക്കുന്നവനായി
അംസവിഷക്തശൃംഗഃ (അ പു പ്ര ഏ) അംസത്തില്‍ - തോളില്‍ വിഷക്തമായ - ചേര്‍ന്നിരിക്കുന്ന ശൃംഗ - കൊമ്പോടുകൂടിയ -വാദ്യവിശേഷത്തോടുകൂടിയ
ദ്വാരം (അ ന ദ്വി ഏ) ദ്വാരത്തെ - വാതില്‍
പ്രതി (അ) തോറും
ഗഛന്‍ (ത പു പ്ര ഏ) ഗച്ഛന്നായി - ചെന്ന്
സംഭ്രമേണ (അ പു തൃ ഏ ) സംഭ്രമത്തോടുകൂടി - ബദ്ധപ്പാടോടുകൂടി
ഗൗഃ (ഓ സ്ത്രീ പ്ര ഏ) പശു
വിമുച്യതാം (ലോട്‌ ആത്മ പ്രപു ഏ) മോചിപ്പിക്കപ്പെട്ടാലും
ഇതി (അ) ഇപ്രകാരം
ഉച്ചൈഃ (അ) ഉച്ചത്തില്‍
അവോചത്‌ (ലുങ്ങ്‌ പ പ്രപു ഏ) പറഞ്ഞു

കൃഷ്ണന്‍ കാലത്തു ഭക്ഷണം കഴിച്ച്‌ കയ്യും കഴുകിയിട്ട്‌ വടിയും എടുത്ത്‌ കൊമ്പും തോളില്‍ തൂക്കി വാതില്‍ തോറും ചെന്ന് പശുക്കളെ വിട്ടാലും എന്ന് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു

6

നിശമ്യ തസ്യ ധ്വനിമൂര്‍ദ്ധ്വകര്‍ണ്ണാഃ
വിലൂനപാശാ ഭൃശമുത്സുകിന്യഃ
വത്സാനപി സ്വാനനവേക്ഷ്യ ഗാവഃ
സസംഭ്രമം നിര്യയുരാലയേഭ്യഃ

ഗാവഃ (ഓ സ്ത്രീ പ്ര ബ) പശുക്കള്‍
തസ്യ (തച്ച പു ഷ ഏ) അവന്റെ
ധ്വനിം (ഇ പു ദ്വി ഏ) ധ്വനിയെ - ശബ്ദത്തെ
നിശമ്യ (ല്യ അ) നിശമനം ചെയ്തിട്ട്‌ - കേട്ടിട്ട്‌
ഊര്‍ദ്ധ്വകര്‍ണ്ണാഃ (ആ സ്ത്രീ പ്ര ബ) ഊര്‍ദ്ധ്വകര്‍ണ്ണകളായി - കാതു പൊക്കിപ്പിടിച്ച്‌
വിലൂനപാശാഃ (ആ സ്ത്രീ പ്ര ബ) വിലൂനമായ പാശകളായി - പൊട്ടിക്കപ്പെട്ട കയറോടുകൂടി
ഭൃശം (അ) ഏറ്റവും
ഉത്സുകിന്യഃ (ഈ സ്ത്രീ പ്ര ബ) ഔല്‍സുക്യമുള്ളവരായി
സ്വാന്‍ (അ പു ദ്വി ബ) സ്വന്തം
വത്സാന്‍ (അ പു ദ്വി ബ) കുട്ടികളെ
അപി (അ) പോലും
അനവേക്ഷ്യ (ല്യ അ) അനവേക്ഷിച്ച്‌ - നോക്കാതെ
ആലയേഭ്യ (അ പു പ ബ) ആലയങ്ങളില്‍ നിന്ന്‌ - വാസസ്ഥാനത്തു നിന്ന്
സസംഭ്രമം (ക്രി വി) സംഭ്രമത്തോടുകൂടി
നിര്യയുഃ (ലിട്‌ പ പ്രപു ബ) നിര്യാണം ചെയ്തു -പുറപ്പെട്ടു

കൃഷ്ണന്റെ ശബ്ദം കേട്ടിട്ട്‌ പശുക്കള്‍ കാതുകൂര്‍പ്പിച്ച്‌ കയറും പൊട്ടിച്ച്‌ സ്വന്തം കിടാങ്ങളെപോലും നോക്കാതെ ഏറ്റവും ഉത്സാഹത്തോടു കൂടി ബദ്ധപ്പെട്ടു പുറപ്പെട്ടു
7

ഗത്വാ പുരസ്താത്ഗജരാജഗാമീ
ഗോഷ്ഠം ഗരിഷ്ഠോ ഗുണമണ്ഡലേന
ആപൂരയന്മിത്രഗണാഗമാര്‍ത്ഥം
പിത്രോരഭീഷ്ടേന സഹൈവ ശൃംഗം

ഗജരാജഗാമീ (ന പു പ്ര ഏ) ഗജരാജനെ പോലെ ഗമിക്കുന്നവനായി - ശ്രേഷ്ഠനായ ആനയെ പോലെ നടക്കുന്നവനായി
ഗുണമണ്ഡലേന(അ ന തൃ ഏ) ഗുണമണ്ഡലം ഹേതുവായി - ബന്ധുജനസ്നേഹാദികള്‍ കാരണമായി
ഗരിഷ്ഠഃ (അ പു പ്ര ഏ) ഗരിഷ്ഠനായി - പൂജ്യനായി
സഃ (തച്ഛ പു പ്ര ഏ) അവന്‍
പുരസ്താത്‌ (അ) മുന്‍പേ തന്നെ
ഗോഷ്ഠം (അ ന ദ്വി ഏ) ഗോഷ്ഠത്തെ - തൊഴുത്തിനെ
ഗത്വാ (ക്ത്വാ അ) ഗമിച്ചിട്ട്‌
മിത്രഗണാഗമാര്‍ത്ഥം (ക്രി വി) മിത്രഗണങ്ങളുടെ - കൂട്ടുകാരുടെ ആഗമനാര്‍ത്ഥം
പിത്രോഃ (ഋ പു ഷ ദ്വി) പിതാക്കന്മാരുടെ
അഭീഷ്ടേന (അ ന തൃ ഏ) അഭീഷ്ടത്തോട്‌
സഹ (അ) കൂടെ
ഏവ (അ) തന്നെ
ശൃംഗം (അ) ശൃംഗത്തെ
ആപൂരയന്‍ (ലങ്ങ്‌ പ പ്രപു ഏ) പൂരിച്ചു

കൊമ്പനാനയെപോലെ നടക്കുന്നവനും ബന്ധുജനസ്നേഹാദിഗുണസമൂഹത്താല്‍ വളരെ പൂജ്യനും ആയ കൃഷ്ണന്‍ മുന്‍പെ തന്നെ പശുക്കളുടെ വാസസ്ഥാനത്തെത്തി, കൂട്ടുകാരെ വരുത്തുവാന്‍ വേണ്ടി മാതാപിതാക്കളുടെ സമ്മതത്തോടു കൂടി കൊമ്പു വിളിച്ചു.

8

നഭസ്പൃശാ കര്‍ണ്ണപഥം ഗതേന
തേനൈവ സംജ്ഞാഗവലസ്വനേന
ആദായ തത്തല്‍പരിബര്‍ഹജാതം
സദ്യോ ഗൃഹേഭ്യസ്സുഹൃദോ നിരീയുഃ

സുഹൃദഃ (ദ പു പ്ര ബ) സുഹൃത്തുക്കള്‍
നഭസ്പൃശാ (ശ പു തൃ ഏ) നഭസ്പൃക്കായി - നഭസ്സിനെ - ആകാശത്തെ സ്പര്‍ശിക്കുന്നതായി
കര്‍ണ്ണപഥം (അ പു ദ്വി ഏ) കര്‍ണ്ണപഥത്തെ - ചെവിയെ
ഗതേന (അ പു തൃ ഏ) ഗതമായ -
തേന (തച്ഛ പു തൃ ഏ)
സംജ്ഞാഗവലസ്വനേന (അ പു തൃ ഏ) സംജ്ഞക്കായുള്ള ഗവലത്തിന്റെ സ്വനം കൊണ്ട്‌ - അറിയിക്കാനുള്ള കൊമ്പിന്റെ ശബ്ദം കൊണ്ട്‌
ഏവ (അ) തന്നെ
തത്‌ (തച്ഛ ന ദ്വി ഏ)
പരിബര്‍ഹജാതം (അ ന ദ്വി ഏ) പരിബര്‍ഹത്തിന്റെ ജാതത്തെ - തങ്ങള്‍ക്കു ഉപയോഗിക്കാനുള്ള സാധനങ്ങളുടെ കൂട്ടത്തെ
ആദായ (ല്യ അ) എടുത്തിട്ട്‌
സദ്യഃ (അ) ഉടനെ തന്നെ
ഗൃഹേഭ്യഃ (അ ന പ ബ) ഗൃഹങ്ങളില്‍ നിന്ന്‌
നിരീയുഃ (ലിട്‌ പ പ്രപു ബ) പുറപ്പെട്ടു

ശ്രീകൃഷ്ണന്റെ കൊമ്പില്‍ നിന്നുള്ള സബ്ദം ആകാസത്തില്‍ കൂടി തങ്ങളുടെ ചെവികളില്‍ എത്തിയപ്പോള്‍ തന്നെ അതു തങ്ങളെ വിളിക്കുകയാണെന്നു മനസിലാക്കിയ സുഹൃത്തുക്കള്‍ തങ്ങള്‍ക്കു ആവശ്യമുള്ള സാധനങ്ങള്‍ എല്ലാം എടുത്തു കൊണ്ട്‌ ഉടനെ തന്നെ വീടുകളില്‍ നിന്നും പുറപ്പെട്ടു
9

ഗവാം ഖുരന്യാസസമുദ്ഭവേന
വിഷാണസംഘട്ടനജന്മനാ ച
പ്രസര്‍പ്പതാ ദിക്ഷു മഹാസ്വനേന
ഘോഷഃ ക്ഷണം ഘോഷമയോ ബഭൂവ

ഘോഷഃ (അ പു പ്ര ഏ) ഘോഷം - ഗോകുലം
ഗവാം (ഓ സ്ത്രീ ഷ ബ) പശുക്കളുടെ
ഖുരന്യാസസമുദ്ഭവേന (അ പു തൃ ഏ) ഖുരങ്ങളുടെ - കുളമ്പുകളുടെ ന്യാസം കൊണ്ടുണ്ടായതും
വിഷാണസംഘട്ടനജന്മനാ (ന പു തൃ ഏ) വിഷാണങ്ങളുടെ - കൊമ്പുകളുടെ സംഘട്ടനം കൊണ്ടുണ്ടായതും
(അ) ഉം
ദിക്ഷു (ശ സ്ത്രീ സ ബ) ദിക്കുകളില്‍
പ്രസര്‍പ്പതാ (ത പു തൃ ഏ) പ്രസരിക്കുന്ന - പരക്കുന്ന
മഹാസ്വനേന (അ പു തൃ ഏ) മഹാ ശബ്ദത്താല്‍
ക്ഷണം (അ പു ദ്വി ഏ) അല്‍പനേരം
ഘോഷമയഃ (അ പു പ്ര ഏ) ഘോഷമയമായി - ശബ്ദമയമായി
ബഭൂവ (ലിട്‌ പ പ്രപു ഏ) ഭവിച്ചു

പശുക്കളുടെ കുളമ്പടിശബ്ദവും കൊമ്പുകള്‍ തമ്മിലടിക്കുന്ന ശബ്ദവും ദിക്കുകളില്‍ പരന്നതിനാല്‍ ഗോകുലം അല്‍പനേരം ബഹളമയമായിത്തീര്‍ന്നു

10

പ്രധാവനൈരുള്‍പ്ലുതിഭിസ്സുദൂരം
മിഥോ ബലാല്‍ഗ്രാഹവിമോചനൈശ്ച
സമാഗതൈസ്തത്ര സമം സുഹൃദ്ഭിഃ
ബഹുപ്രകാരം വിജഹാര ശൗരിഃ

ശൗരിഃ (ഇ പു പ്ര ഏ) ശൗരി - കൃഷ്ണന്‍
തത്ര (അ) അവിടെ
സമാഗതൈഃ (അ പു തൃ ബ) സമാഗതരായിരിക്കുന്ന
സുഹൃദ്ഭിഃ (ദ പു തൃ ബ) സുഹൃത്തുക്കളോട്‌
സമം (അ) ഒപ്പം
സുദൂരം (അ) അതിദൂരമുള്ള
പ്രധാവനൈഃ (അ ന തൃ ബ) ഓട്ടം കൊണ്ടും
ഉല്‍പ്ലുതിഭിഃ (ഇ സ്ത്രീ തൃ ബ) ചാട്ടം കൊണ്ടും
മിഥഃ (അ) അന്യോന്യം
ബലാല്‍ഗ്രാഹവിമോചനൈഃ (അ ന തൃ ബ) ബലമായി പിടിച്ചും വിട്ടും കൊണ്ടും
(അ) ഉം
ബഹുപ്രകാരം (ക്രി വി) പലതരത്തില്‍
വിജഹാര (ലിട്‌ പ പ്രപു ഏ) വിഹരിച്ചു

കൂടെ വന്ന സൗഹൃത്തുക്കള്‍ക്കൊപ്പം ബഹുദൂരം ഓടിയും ചാടിയും പിടിച്ചും വിട്ടും കൃഷ്ണന്‍ പലതരത്തില്‍ കളിച്ചു
11

പരേണ ഹര്‍ഷേന പുരാണപുംസഃ
സംക്രീഡമാനസ്യ സമം സുഹൃദ്ഭിഃ
പവിത്രയാമാസ പദാംബുജോത്ഥാ
കരീഷധൂളിഃ കകുഭാം മുഖാനി

സുഹൃദ്ഭിഃ (ദ പു തൃ ബ) സുഹൃത്തുക്കളോട്‌
സമം (അ) ഒന്നിച്ച്‌
പരേണ (അ പു തൃ ഏ) ഏറ്റവും
ഹര്‍ഷേണ (അ പു തൃ ഏ) സന്തോഷത്തോടുകൂടി
സംക്രീഡമാനസ്യ (അ പു ഷ ഏ) കളിച്ചുകൊണ്ടിരുന്ന
പുരാണപുംസഃ (സ പു ഷ ഏ) പുരാണപുരുഷന്റെ - കൃഷ്ണന്റെ
പദാംബുജോത്ഥാ (ആ സ്ത്രീ പ്ര ഏ) പദാംബുജങ്ങളില്‍ നിന്നും ഉയര്‍ന്ന - കാലില്‍ നിന്നും പറന്നുയര്‍ന്ന
കരീഷധൂളി (ഇ പു പ്ര ഏ) ചാണകപ്പൊടി
കകുഭാം (ഭ സ്ത്രീ ഷ ബ) കകുപ്പുകളുടെ - ദിക്കുകളുടെ
മുഖാനി (അ ന ദ്വി ബ) മുഖങ്ങളെ
പവിത്രയാമാസ (ലിട്‌ പ പ്രപു ഏ) പവിത്രമാക്കിച്ചെയ്തു.

സുഹൃത്തുക്കളോടൊപ്പം അതിയായ സന്തോഷത്തോടു കൂടി കളിച്ചു കൊണ്ടിരുന്ന കൃഷ്ണന്റെ പാദങ്ങളില്‍ നിന്നുയര്‍ന്ന ചാണകപ്പൊടി ദിക്കുകളുടെ മുഖങ്ങളെ പവിത്രമാക്കിത്തീര്‍ത്തു

12
മഹര്‍ഷയസ്തത്ര മഹാനുഭാവാഃ
ഗൃഹീതരൂപാന്തരദുര്‍ന്നിരൂപാഃ
ഭവാഗ്നിസന്താപഹരേ മമജ്ജുഃ
പദോത്ഥിതേ തസ്യ പരാഗപൂരേ

തത്ര (അ) അവിടെ
മഹാനുഭാവാഃ (അ പു പ്ര ബ) മഹാനുഭാവന്മാരായ - മഹത്തായ അനുഭാവത്തോടു കൂടിയവര്‍ - മഹാപ്രഭാവികള്‍
മഹര്‍ഷയഃ (ഇ പു പ്ര ബ) മഹര്‍ഷിമാര്‍
ഗൃഹീതരൂപാന്തരദുര്‍ന്നിരൂപാഃ (അ പു പ്ര ബ) ഗൃഹീതമായ രൂപാന്തരത്താല്‍ ദുര്‍ന്നിരൂപന്മാരായി - അന്യരൂപം കൈക്കൊണ്ടതിനാല്‍ ആരാണെന്നു മനസിലാക്കുവാന്‍ സാധിക്കാത്തവരായി
തസ്യ (തച്ഛ പു ഷ ഏ) അവന്റെ
പദോത്ഥിതെ (അ പു സ ഏ) പദോത്ഥിതമായി - പാദങ്ങളില്‍ നിന്നും ഉയര്‍ത്തപ്പെട്ട
ഭവാഗ്നിസന്താപഹരേ (അ പു സ ഏ) ഭവാഗ്നിസന്താപഹരമായിരിക്കുന്ന - ഐഹികദുഃഖശമനമായ
പരാഗപൂരേ (അ പു സ ഏ) പരാഗപൂരത്തില്‍ = പൊടിയുടെ പൂരത്തില്‍
മമജ്ജുഃ (ലിട്‌ പ പ്രപു ബ) മജ്ജിച്ചു - മുങ്ങി

മഹാപ്രഭാവികളായമഹര്‍ഷിമാര്‍ രൂപഭേദം കൈക്കൊണ്ട്‌ തിരിച്ചറിയാന്‍ കഴിയാത്തവരായി, പശുക്കള്‍ സഞ്ചരിക്കുന്ന ആ പ്രദേശത്ത്‌ കൃഷ്ണന്റെ പാദത്തില്‍ നിന്നും ഉയര്‍ന്ന ആ ഭവാഗ്നിസന്താപഹരമായ പൊടിപൂരത്തില്‍ മുങ്ങി

13

പ്രഹര്‍ഷമാലോകയതാം ജനാനാം
ക്രീഡാഭിരാപാദ്യ മനോഹരാഭിഃ
ഉത്ഥാപയാമാസ സ ചീല്‍കൃതേന
ഗോഷ്ഠേ ഹരിര്‍ഗോസമജം ശയാനം

സഃ (തച്ഛ പു പ്ര ഏ)
ഹരിഃ (ഇ പു പ്ര ഏ) ഹരി
ആലോകയതാം (ത പു ഷ ബ) ആലോകനം ചെയ്യുന്നവരായ
ജനാനാം (അ പു ഷ ബ) ജനങ്ങള്‍ക്ക്‌
മനോഹരാഭിഃ (ആ സ്ത്രീ തൃ ബ) മനോഹരങ്ങളായ
ക്രീഡാഭിഃ (ആ സ്ത്രീ തൃ ബ) ക്രീഡകള്‍ കൊണ്ട്‌
പ്രഹര്‍ഷം (അ പു ദ്വി ഏ) പ്രഹര്‍ഷത്തെ - സന്തോഷത്തെ
ആപാദ്യ (ല്യ അ) ആപാദിച്ചിട്ട്‌ - ഉണ്ടാക്കിയിട്ട്‌
ഗോഷ്ഠേ (അ ന സ ഏ) ഗോഷ്ഠത്തില്‍ - ഗോസ്ഥാനത്തില്‍
ശയാനം (അ ന ദ്വി ഏ) കിടക്കുന്ന
ഗോസമജം (അ ന ദ്വി ഏ) ഗോക്കളുടെ സമജത്തെ - കൂട്ടത്തെ
ചീല്‍കൃതേന (അ ന തൃ ഏ) ചീല്‍കൃതം കോണ്ട്‌ ചീല്‍ എന്ന് ശബ്ദം കൊണ്ട്‌
ഉത്ഥാപയാമാസ (ലിട്‌ പ പ്രപു ഏ) ഉത്ഥാപനം ചെയ്യിപ്പിച്ചു- എഴുനേല്‍പ്പിച്ചു

ആ കൃഷ്ണന്‍ മനോഹരങ്ങളായ കളികള്‍ കൊണ്ട്‌ കണ്ടുനിന്നവരെ ആനന്ദിപ്പിച്ചിട്ട്‌ ചീല്‍ക്കാരം ചെയ്ത്‌ തൊഴുത്തില്‍ കിടന്നിരുന്ന പശുക്കളെ എഴുനേല്‍പ്പിച്ചു

14

തസ്മിന്‍ ഗവാം പാലനകൗതുകേന
വനായ നിര്‍ഗ്ഗച്ഛതി ദൈത്യശത്രൗ
യയുഃ പ്രിയാഖ്യാനചികീര്‍ഷയേവ
ദിവാകൃതോ ദിഗ്വലയം മയൂഖാഃ

തസ്മിന്‍ (തച്ഛബ്ദം പു സ ഏ)
ദൈത്യശത്രൗ (ഉ പു സ ഏ) ദൈത്യശത്രു - ദൈത്യന്മാരുടെ ശത്രു - കൃഷ്ണന്‍
ഗവാം (ഓ സ്ത്രീ ഷ ബ) പശുക്കളുടെ
പാലനകൗതുകേന (അ ന തൃ ഏ) പാലനകൗതുകം കാരണം
വനായ (അ ന ച ഏ) വനത്തിലേക്ക്‌
നിര്‍ഗ്ഗച്ഛതി (ത പു സ ഏ) പോകുമ്പോള്‍
ദിവാകൃതഃ (ത പു ഷ ഏ) ദിവാകൃത്തിന്റെ - സൂര്യന്റെ
മയൂഖാഃ (അ പു പ്ര ബ) മയൂഖങ്ങള്‍ - രശ്മികള്‍
പ്രിയാഖ്യാനചികീര്‍ഷയാ (ആ സ്ത്രീ തൃ ഏ) പ്രിയം ആഖ്യാനത്തിലുള്ള ചികീര്‍ഷ കൊണ്ട്‌ - പ്രിയം പറയാനുള്ള ഇഷ്ടം കൊണ്ട്‌
ഇവ (അ) എന്നു തോന്നുമാറ്‌
ദിഗ്വലയം (അ ന ദ്വി ഏ) ദിഗ്വലയത്തെ - എല്ലാദിക്കുകളിലും വ്യാപനത്തെ
യയുഃ (ലിട്‌ പ പ്രപു ഏ) യാനം ചെയ്തു - പ്രാപിച്ചു

കൃഷ്ണന്‍ പശുപാലനത്തിലുള്ള ഇഷ്ടം കാരണം വനത്തിലേക്കു പോകുമ്പോള്‍ സൂര്യരശ്മികള്‍ ആ ഇഷ്ടവാര്‍ത്തയെ അറിയിക്കുവാനോ എന്നു തോന്നിക്കുമാറ്‌ എല്ലാ ദിക്കുകളിലും വ്യാപിച്ചു
15

കൂലദ്രുമാണാം കുസുമാനി ധൂന്വന്‍
കര്‍ഷന്‍ പയശ്ശീകരമണ്ഡലാനി
കൃഷ്ണം കൃതാനേകവിഹാരഖിന്നം
യാന്തം സിഷേവെ യമുനാസമീരഃ

യമുനാസമീരഃ (അ പു പ്ര ഏ) യമുനാസമീരന്‍ = യമുനയുടെ തീരത്തുവീശിയ കാറ്റ്‌
കൂലദ്രുമാണാം (അ പു ഷ ബ) കൂലദ്രുമങ്ങളുടെ - തീരവൃക്ഷങ്ങളുടെ
കുസുമാനി (അ ന ദ്വി ബ) കുസുമങ്ങളെ
ധൂന്വന്‍ (ത പു പ്ര ഏ) ധൂന്വന്നായി - ഇളക്കിക്കൊണ്ട്‌
പയശ്ശീകരമണ്ഡലാനി (അ ന ദ്വി ബ) പയശ്ശീകരമണ്ഡലങ്ങളെ -പയസ്സിന്റെ ശീകരങ്ങളുടെ മണ്ഡലത്തെ - വെള്ളത്തുള്ളികളുടെ കൂട്ടത്തെ
കര്‍ഷന്‍ (ത പു പ്ര ഏ) കര്‍ഷിക്കുന്നവനായി - ആകര്‍ഷിച്ചു കൊണ്ടുവരുന്നവനായി
കൃതാനേകവിഹാരഖിന്നം (അ പു ദ്വി ഏ) കൃതമായ അനേക വിഹാരങ്ങളാല്‍ ഖിന്നനായ - കളിച്ചു ക്ഷീണിച്ച്‌
യാന്തം (ത പു ദ്വി ഏ) യാന്നായിരിക്കുന്ന - പോകുന്ന
കൃഷ്ണം (അ പു ദ്വി ഏ) കൃഷ്ണനെ
സിഷേവെ (ലിട്‌ ആ പ്രപു ഏ) സേവിച്ചു

യമുനാനദിയുടെ കാറ്റ്‌ തീരത്തുള്ള വൃക്ഷങ്ങളിലെ പൂക്കളെ ഇളക്കി, ജലകണങ്ങളെ ആകര്‍ഷിച്ചുകൊണ്ടു വന്ന് , പലതരം കളികളാല്‍ ക്ഷീണിച്ചു പോകുന്ന കൃഷ്ണനെ സേവിച്ചു.

16

പരസ്യ പുംസഃ പദപങ്കജാഭ്യാം
പ്രവേക്ഷ്യതോ ഗോകുലപാലനായ
ചകാര നീഹാരഹരൈര്‍മയൂഖൈഃ
പ്രവേശയോഗ്യാനി വനാനി ഭാനുഃ

ഭാനുഃ (ഉ പു പ്ര ഏ) സൂര്യന്‍
നീഹാരഹരൈഃ (അ പു തൃ ബ) നീഹാരഹരങ്ങളായ - നീഹാരത്തെ - മഞ്ഞിനെ, ഹരിക്കുന്നതായ - ഇല്ലാതാക്കുന്ന
മയൂഖൈഃ (അ പു തൃ ബ) മയൂഖങ്ങളാല്‍ - രശ്മികളാല്‍
വനാനി (അ ന ദ്വി ബ) വനങ്ങളെ
ഗോകുലപാലനായ (അ ന ച ഏ) ഗോകുലപാലനത്തിനായി - ഗോക്കളെ പാലിക്കുന്നതിനായി
പദപങ്കജാഭ്യാം (അ ന തൃ ദ്വി) പദപങ്കജങ്ങളെകൊണ്ട്‌ - പാദങ്ങളാകുന്ന പങ്കജങ്ങള്‍ കൊണ്ട്‌
പ്രവേക്ഷ്യതഃ (ത പു ഷ ഏ) പ്രവേക്ഷ്യന്നായിരിക്കുന്ന - പ്രവേശിക്കുവാന്‍ തുടങ്ങുന്ന
പരസ്യ (അ പു ഷ ഏ) പരനായിരിക്കുന്ന
പുംസഃ ( സ പു ഷ ഏ) പുമാന്‌
പ്രവേശയോഗ്യാനി (അ ന പ്ര ബ) പ്രവേശയോഗ്യങ്ങള്‍
ചകാര (ലിട്‌ പ പ്രപു ഏ) ആക്കിചെയ്തു

സൂര്യന്‍ വനങ്ങളെ, മഞ്ഞിനെ നശിപ്പിക്കുന്ന തന്റെ രശ്മികളെ കൊണ്ട്‌ ഗോക്കളെ പാലിക്കുന്നതിനായി പ്രവേശിക്കുന്ന പരമപുരുഷന്റെ പാദപങ്കജങ്ങള്‍ക്ക്‌ പ്രവേശയോഗ്യമാക്കിച്ചെയ്തു

17

പ്രേമ്‌ണാ പരിത്യക്തുമശക്നുവന്തം
ബദ്ധാഞ്ജലിം ബന്ധുജനം നിവാര്യ
രാമം പുരസ്കൃത്യ സമിത്രവര്‍ഗ്ഗഃ
വിവേശ വിഷ്ണുര്‍വിപിനാന്തരാണി

വിഷ്ണുഃ (ഉ പു പ്ര ഏ) വിഷ്ണു
പ്രേമ്‌ണാ (ന ന തൃ ഏ) പ്രേമം കൊണ്ട്‌
പരിത്യക്തും (തുമുന്‍ അ) പരിത്യജിക്കുവാന്‍
അശക്നുവന്തം (ത പു ദ്വി ഏ) അശക്തരായ
ബദ്ധാഞ്ജലിം (ഇ പു ദ്വി ഏ) ബദ്ധാഞ്ജലികളായ - കൈകൂപ്പി നില്‍ക്കുന്ന
ബന്ധുജനം (അ പു ദ്വി ഏ) ബന്ധുജനത്തെ
നിവാര്യ (ല്യ അ) നിവാരണം ചെയ്തിട്ട്‌ - ഒഴിവാക്കിയിട്ട്‌
രാമം (അ പു ദ്വി ഏ) രാമനെ
പുരസ്കൃത്യ (ല്യ അ) പുരസ്കരിച്ച്‌ - മുന്‍നിര്‍ത്തി
സമിത്രവര്‍ഗ്ഗഃ (അ പു പ്ര ഏ) സമിത്രവര്‍ഗ്ഗനായി - കൂട്ടുകാര്‍ക്കൊപ്പം
വിപിനാന്തരാണി ( അ ന ദ്വി ബ) വിപിനാന്തരങ്ങളെ - വനത്തിലേക്ക്‌
വിവേശ (ലിട്‌ പ പ്രപു ഏ) പ്രവേശിച്ചു

സ്നേഹക്കൂടൂതല്‍ കാരണം വിട്ടുനില്‍കാന്‍ തയ്യാറാകാതെ കൈകൂപ്പി നില്‍ക്കുന്ന ബന്ധുജനങ്ങളെ ഒഴിവാക്കിയിട്ട്‌ രാമനെ മുന്‍ നിര്‍ത്തി കൂട്ടുകാര്‍ക്കൊപ്പം കൃഷ്ണന്‍ വനാന്തരങ്ങളിലേക്കു പ്രവേശിച്ചു
18

അരണ്യഭൂമീരവഗാഹമാനം
തമാതപക്ലാന്തമവേക്ഷമാണഃ
പക്ഷാതപത്രേണ പരിസ്തൃതേന
വിയത്യസേവിഷ്ട വിഹംഗരാജഃ

അരണ്യഭൂമീഃ ( സ്ത്രീ ദ്വി ) അരണ്യഭൂമികളെ - വനഭൂമികളെ
അവഗാഹമാനം ( പു ദ്വി ) അവഗാഹമാനനായിരിക്കുന്ന - പ്രവേശിച്ചുകൊണ്ടിരിക്കുന്ന
തം (തച്ഛ പു ദ്വി ) അവനെ
ആതപക്ലാന്തം ( പു ദ്വി ) ആതപത്താല്‍ ക്ലാന്തനായവനായി - ചൂടിനാല്‍ തളര്‍ന്നവനായി
അവേക്ഷമാണഃ ( പു പ്ര ) അവേക്ഷമാണനായ - കണ്ട
വിഹംഗരാജഃ ( പു പ്ര ) വിഹംഗരാജന്‍ - പക്ഷിരാജന്‍
വിയതി ( പു ) വിയത്തില്‍ ആകാശത്തില്‍
പരിസ്തൃതേന ( തൃ ) പരിസ്തൃതമായ - പരത്തിയ
പക്ഷാതപത്രേണ ( തൃ )- പക്ഷമാകുന്ന ആതപത്രങ്ങളെ കൊണ്ട്‌ - ചിറകുകള്‍ ആകുന്ന കുട കൊണ്ട്‌
അസേവിഷ്ട (ലുങ്ങ്‌ പ്രപു ) സേവിച്ചു

വനപ്രദേശത്തെക്കു പ്രവേശിക്കുന്ന ഇവനെ ചൂടുകൊണ്ടു തളര്‍ന്നവനായി കണ്ടിട്ട്‌ ഗരുഡന്‍ തന്റെ ചിറകുകള്‍ വിടര്‍ത്തി കുടയാക്കി സേവിച്ചു

19

മാ ഗച്ഛ ഗംഗേ യമുനേ ക്വ യാസി
കിം തത്ര ഗോദാവരി ധാവസീതി
ന്യഷേധി തത്തദ്വ്യപദേശപൂര്‍വം
മാര്‍ഗ്ഗച്യുതം ഗോകുലമച്യുതേന

അച്യുതേന ( പു തൃ ) അച്യുതനാല്‍
ഗംഗേ ( സ്ത്രീ സംപ്ര ) അല്ലയോ ഗംഗേ
മാ (), ഗച്ഛ (ലോട്‌ മപു ) പോകരുത്‌
യമുനേ ( സ്ത്രീ സംപ്ര ) അല്ലയോ യമുനേ
ക്വ () എവിടെ
യാസി (ലട്‌ മപു ) പോകുന്നു
ഗോദാവരി ( സ്ത്രീ സംപ്ര ) അല്ലയോ ഗോദാവരീ
തത്ര () അവിടെ
കിം () എന്തിന്‌
ധാവസി (ലട്‌ മപു ) ഓടുന്നു
ഇതി () ഇപ്രകാരം
തത്തദ്വ്യപദേശപൂര്‍വം (ക്രി വി) -തത്‌ തത്‌ - അതാത്‌, വ്യപദേശം പേര്‍ പറഞ്ഞു വിളിക്കല്‍ - അതാതിന്റെ പേരുപറഞ്ഞു വിളിച്ച്‌
മാര്‍ഗ്ഗച്യുതം ( പ്ര ) മാര്‍ഗ്ഗത്തില്‍ നിന്നും ച്യുതമായ - വ്യതിചലിച്ച
ഗോകുലം ( പ്ര ) പശുക്കൂട്ടം
ന്യഷേധി (ലുങ്ങ്‌ പ്രപു ) നിഷേധിക്കപ്പെട്ടു

ഗംഗേ പോകരുത്‌, യമുനേ എവിടെ പോകുന്നു ഗോദാവരീ ഓടരുത്‌ എന്നിപ്രകാരം ഓരോ പശുവിനേയും പേരെടുത്തു വിളിച്ച്‌ മാര്‍ഗ്ഗം തെറ്റിപ്പോകുന്ന പശുക്കള്‍ കൃഷ്ണനാല്‍ തടയപ്പെട്ടു

20
പ്രരൂഢസുസ്നിഗ്ദ്ധതൃണാംകുരാസു
ഛായാദ്രുമശ്യാമളിതാന്തരാസു
ഗവാം കുലം തല്‍ സുലഭോദകാസു 
പ്രചാരയാമാസ
വനസ്ഥലീഷു

സഃ (തച്ഛ പു പ്ര ) അവന്‍
പ്രരൂഢസുസ്നിഗ്ദ്ധതൃണാംകുരാസു ( സ്ത്രീ ) പ്രരൂഢമായ - രൂഢങ്ങളായ - ഉണ്ടായ, സുസ്നിഗ്ദ്ധമായ തൃണാംകുരങ്ങള്‍ - ഇളമ്പുല്ലുകള്‍ - ഇളം പുല്ലുകള്‍ മുളച്ച
ഛായാദ്രുമശ്യാമളിതാന്തരാസു ( സ്ത്രീ ) ഛായാദ്രുമങ്ങളാല്‍ ശ്യാമളിതമായ അന്തരകളായ - തണല്‍മരങ്ങളാല്‍ ഇരുണ്ട ഉള്‍ഭാഗമുള്ള
സുലഭോദകാസു ( സ്ത്രീ ) സുലഭമായ ഉദകം ഉള്ള - ധാരാളം ജലമുള്ള
വനസ്ഥലീഷു - ( സ്ത്രീ ) വനസ്ഥലികളില്‍ - കാടുകളില്‍
ഗവാം ( സ്ത്രീ ) പശുക്കളുടെ
തല്‍ (തച്ഛ ദ്വി )
കുലം ( ദ്വി ) കുലത്തെ
പ്രചാരയാമാസ (ലിട്‌ പ്രപു ) പ്രചരിപ്പിച്ചു - മേച്ചു

ഇളമ്പുല്ലുകള്‍ മുളച്ചുനിക്കുന്നതും , മരങ്ങളുടെ ഛായ കൊണ്ട്‌ ഇരുണ്ടതും, ധാരാളം വെള്ളം ഉള്ളതും ആയ വനപ്രദേശത്ത്‌ കൃഷ്ണന്‍ ആ പശുക്കൂട്ടത്തെ മേയാന്‍ വിട്ടു
21

സാടോപമാന്ദോളിതലംബസാസ്നാഃ
ഗാവശ്ചരന്ത്യോ വലമാനവാലാഃ
ത്രുട്യല്‍സ്തൃണസ്തോമചടല്‍കൃതിന്യഃ
ചക്രുഃ പ്രിയം ചേതസി ചക്രപാണേഃ

സാടോപം (ക്രി വി) ആടോപത്തോടു കൂടി - അഹങ്കാരത്തോടു കൂടി
ആന്ദോളിതലംബസാസ്നാഃ (ആ സ്ത്രീ പ്ര ബ) ആന്ദോളിതങ്ങളായ ലംബകളായ സാസ്നകളോടു കൂടിയ - ഇളകുന്ന നീണ്ട താടകളോടുകൂടിയ
വലമാനവാലാഃ (ആ സ്ത്രീ പ്ര ബ) വലമാനങ്ങളായ വാലകളായി - ആടിക്കൊണ്ടിരിക്കുന്ന വാലുകളോടുകൂടിയ
ത്രുട്യല്‍സ്തൃണസ്തോമചടല്‍കൃതിന്യഃ (ഈ സ്ത്രീ പ്ര ബ) ത്രുട്യത്തായ - ത്രുടിക്കുന്ന - പൊട്ടിക്കുന്ന
തൃണസ്തോമ - തൃണത്തിന്റെ സ്തോമം - പുല്ലിന്റെ കൂട്ടം, ചടല്‍കൃതിന്യഃ - ചടല്‍കൃതികളായ - ചടല്‍ എന്ന ശബ്ദം ഉണ്ടാക്കുന്ന
ചരന്ത്യഃ (ഈ സ്ത്രീ പ്ര ബ) ചരന്തികളായ - മേഞ്ഞു കൊണ്ടിരിക്കുന്ന
ഗാവഃ (ഓ സ്ത്രീ പ്ര ബ) പശുക്കള്‍
ചക്രപാണേഃ (ഇ പു ഷ ഏ) ചക്രപാണിയുടെ
ചേതസി (സ ന സ ഏ) ചേതസ്സില്‍ - മനസില്‍
പ്രിയം (അ ന ദ്വി ഏ) പ്രിയത്തെ
ചക്രുഃ ( ലിട്‌ പ പ്രപു ബ) ചെയ്തു

അഹങ്കാരത്തോടുകൂടി താടകളും ആട്ടി വാലും ആട്ടി പുല്‍ക്കൂട്ടം ചവച്ചു പൊട്ടിക്കുന്ന ശബ്ദത്തോടുകൂടി മേയുന്ന പശുവിന്റെ കൂട്ടം ചക്രപാണിയുടെ മനസില്‍ സന്തോഷം ഉണ്ടാക്കി

22

ഹരിന്മണിശ്യാമരുചീനി തത്ര
സ്വൈരം ചരന്തീഷു തൃണാനി ഗോഷു
ശൗരിസ്സ്വയം ഭുക്ത ഇവാപ തൃപ്തിം
തൃപ്യന്ത്യുദാരാഃ പരതര്‍പ്പണേന

ഗോഷു (ഓ സ്ത്രീ ഷ ബ) പശുക്കള്‍
തത്ര (അ) അവിടെ
ഹരിന്മണീശ്യാമരുചീനി (ഇ ന ദ്വി ബ) ഹരിന്മണികള്‍ പോലെ - മരതകക്കല്ലുകള്‍ പോലെ, ശ്യാമമായ - കറുത്ത, രുചിയായ - ശോഭയുള്ള
തൃണാനി (അ ന ദ്വി ബ) തൃണങ്ങളെ - പുല്ലിനെ
സ്വൈരം (ക്രി വി) സ്വൈരമായി
ചരന്തീഷു (ഈ സ്ത്രീ സ ബ) മേയുമ്പോള്‍
ശൗരിഃ (ഇ പു പ്ര ഏ) കൃഷ്ണന്‍
സ്വയം (അ) സ്വയം
ഭുക്തഃ (അ പു പ്ര ഏ) ഭോജനം ചെയ്തവന്‍
ഇവ (അ) എന്ന പോലെ
തൃപ്തിം (ഇ പു ദ്വി ഏ) തൃപ്തിയേ
ആപ (ലിട്‌ പ പ്രപു ഏ) പ്രാപിച്ചു
ഉദാരാഃ (അ പു പ്ര ബ) ഉദാരന്മാര്‍ - മഹാന്മാര്‍
പരതര്‍പ്പണേന (അ ന തൃ ഏ) പരന്മാരെ തര്‍പ്പണം ചെയ്യുന്നതുകൊണ്ട്‌ - മറ്റുള്ളവരെ സന്തോഷിപ്പിക്കുന്നതുകൊണ്ട്‌
തൃപ്യന്തി (ലട്‌ പ പ്രപു ബ) തൃപ്തരാകുന്നു

പശുക്കള്‍ അവിടെ മരതകക്കല്ലുപോലെ കറുത്തു തിളങ്ങുന്ന പുല്ലുകള്‍ തിന്നു മേയുന്നതു കണ്ടു കൃഷ്ണന്‍ സ്വയം ഭക്ഷണം കഴിച്ചവനെ പോലെ തൃപ്തനായി. മഹാന്മാര്‍ മറ്റുള്ളവര്‍ സന്തോഷിക്കുമ്പോഴാണല്ലൊ സന്തുഷ്ടരാകുന്നത്‌.

23
സര്‍വാസു കണ്ഡൂയനലിപ്സയോച്ചൈഃ
ഉന്നമ്യ കണ്ഠം ദധതീഷു ഗോഷു
ബാലോ ഹരിര്‍ബ്ബാഹുസഹസ്രശൂന്യം
ജന്മാത്മനോ നിഷ്ഫലമേവ മേനേ

സര്‍വാസു (ആ സ്ത്രീ സ ബ) സര്‍വകളായിരിക്കുന്ന -എല്ലാ
ഗോഷു (ഓ സ്ത്രീ സ ബ) ഗോക്കള്‍
കണ്ഡൂയനലിപ്സയാ (ആ സ്ത്രീ തൃ ഏ) കണ്ഡൂയനലിപ്സ കൊണ്ട്‌ ചൊറിഞ്ഞു കിട്ടാനുള്ള താല്‍പര്യം കൊണ്ട്‌
കണ്ഠം (അ പു ദ്വി ഏ) കണ്ഠത്തെ
ഉച്ചൈഃ (അ) ഉച്ചത്തില്‍
ഉന്നമ്യ (ല്യ അ) ഉന്നമിച്ചിട്ട്‌ - ഉയര്‍ത്തിയിട്ട്‌
ദധതീഷു (ഈ സ്ത്രീ സ ബ) ദധതികളായിരിക്കുമ്പോള്‍ - ധരിച്ചിരിക്കുമ്പോള്‍
ബാലഃ (അ പു പ്ര ഏ) ബാലനായ
ഹരിഃ (ഇ പു പ്ര ഏ) ഹരി - കൃഷ്ണന്‍
ബാഹുസഹസ്രശൂന്യം (അ ന ദ്വി ഏ) ബാഹുസഹസ്രങ്ങള്‍ ഇല്ലാത്ത - ആയിരം കൈകളില്ലാത്ത
ആത്മനഃ (ന പു ഷ ഏ) ആത്മാവിന്റെ - സ്വന്തം
ജന്മ (ന ന ദ്വി ഏ) ജന്മത്തെ
നിഷ്ഫലം (അ ന ദ്വി ഏ) ഫലശൂന്യ
ഏവ (അ) എന്നു തന്നെ
മേനേ (ലിട്‌ ആ പ്രപു ഏ) മനനം ചെയ്തു - വിചാരിച്ചു

പശുക്കളെല്ലാം ചൊറിഞ്ഞു കിട്ടാന്‍ വേണ്ടി കഴുത്തുയര്‍ത്തിപ്പിടിച്ചു തന്റെ മുന്നില്‍ നില്‍ക്കുമ്പോള്‍ തനിക്ക്‌ ആയിരം കൈകള്‍ ഇല്ലാതെ പോയതുകൊണ്ട്‌ ഈ ജന്മം നിഷ്ഫലമായിപ്പോയി എന്ന് കൃഷ്ണന്‍ വിചാരിച്ചു

24

പരിഭ്രമദ്‌ ഗോകുലമുഗ്രകോപം
സമുച്ചലദ്ധൂളിരടദ്വിഷാണം
സ യുദ്ധമുക്ഷ്ണാം മദനിര്‍ഭരാണാം
പ്രവിശ്യ മദ്ധ്യം ശമയാഞ്ചകാര

സഃ (തച്ഛ പു പ്ര ഏ) അവന്‍
മദനിര്‍ഭരാണാം (അ പു ഷ ബ) മദം കൊണ്ട്‌ നിര്‍ഭരങ്ങളായിരിക്കുന്ന - മദിച്ച
ഉക്ഷ്ണാം (ന പു ഷ ബ) ഉക്ഷാക്കളുടെ - കാളകളുടെ
പരിഭ്രമദ്ഗോകുലം (അ ന ദ്വി ഏ) പരിഭ്രമദ്ഗോകുലമായി - പശുക്കളെ പരിഭ്രമിച്ച്‌ ചുറ്റും ഓടുന്നവയാക്കി
ഉഗ്രകോപം (അ ന ദ്വി ഏ) ഉഗ്രകോപമായി
സമുച്ചലദ്ധൂളി ( ഇ ന ദ്വി ഏ) സമുച്ചലത്തായ ധൂളിയോടുകൂടിയതാക്കി - പൊടിപറത്തി
രടദ്വിഷാണം (അ ന ദ്വി ഏ) രടത്തുക്കളായ വിഷാണങ്ങളോടു കൂടിയ - ശബ്ദമുണ്ടാക്കുന്ന കൊമ്പുകളോടു കൂടിയ
യുദ്ധം (അ ന ദ്വി ഏ) യുദ്ധത്തെ
മദ്ധ്യം (അ ന ദ്വി ഏ) മദ്ധ്യത്തെ
പ്രവിശ്യ (ല്യ അ) പ്രവേശിച്ചിട്ട്‌
ശമയാഞ്ചകാര (ലിട്‌ പ പ്രപു ഏ) ശമിപ്പിച്ചു

മദിച്ച്‌ ഉഗ്രകോപത്തോടുകൂടി പൊടിപറത്തിക്കൊണ്ടും പശൂക്കളെ ഒക്കെ ഓടിച്ചു കൊണ്ടും തമ്മില്‍ തമ്മില്‍ കൊമ്പു കോര്‍ത്ത്‌ ശബ്ദമുണ്ടാക്കി യുദ്ധം ചെയ്യുന്ന കാളകളുടെ മദ്ധ്യത്തില്‍ പ്രവേശിച്ച്‌ അവന്‍ അവരുടെ യുദ്ധത്തെ ഇല്ലാതാക്കി
25
ശാഖാകരാഗ്രൈരവലംബ്യ പൃത്ഥ്വീം
നിഷേദുഷഃ പുഷ്പഫലാവനമ്രാന്‍
തത്ര ദ്രുമാന്‍ സാദരമീക്ഷമാണഃ
ജഗാമ തൃപ്തിം കദാപി ശൗരിഃ

ശൗരിഃ ( പു പ്ര ) കൃഷ്ണന്‍
തത്ര () അവിടെ
ശാഖാകരാഗ്രൈഃ ( തൃ ) ശാഖാകരാഗ്രങ്ങളെ കൊണ്ട്‌ ശാഖകളാകുന്ന കരങ്ങള്‍ കൊണ്ട്‌
പൃത്ഥ്വീം ( സ്ത്രീ ദ്വി ) പൃത്ഥ്വിയെ
അവലംബ്യ (ല്യ ) അവലംബിച്ചിട്ട്‌
നിഷേദുഷഃ ( പു ദ്വി ) നിഷേദിച്ചവയായ - സ്ഥിതി ചെയ്യുന്ന
പുഷ്പഫലാവനമ്രാന്‍ ( പു ദ്വി ) പുഷ്പഫലാവനമ്രങ്ങളായ - പുഷ്പങ്ങളെകൊണ്ടും ഫലങ്ങളെ കൊണ്ടും താഴ്‌ന്ന
ദ്രുമാന്‍ ( പു ദ്വി ) ദ്രുമങ്ങളെ - മരങ്ങളെ
ഈക്ഷമാണഃ ( പു പ്ര ) ഈക്ഷമാണനായിട്ട്‌ - കാണുന്നവനായിട്ട്‌ - കണ്ടിട്ട്‌
കദാപി () ഒരിക്കലും
തൃപ്തിം ( സ്ത്രീ ദ്വി ) തൃപ്തിയെ

(), ജഗാമ (ലിട്‌ പ്രപു ) ഗമിച്ചില്ല

പുഷ്പങ്ങളും ഫലങ്ങളും കാരണം താഴ്‌ന്ന കൊമ്പുകളാകുന്ന കൈകളെ കൊണ്ട്‌ ഭൂമിയെ ആശ്രയിച്ചു നില്‍ക്കുന്ന ആ മരങ്ങളെ കണ്ട്‌ ശ്രീകൃഷ്ണന്‌ ഒരിക്കലും തൃപ്തിയായില്ല

26

അലക്ഷ്യമൂലാന്യതിവിപ്രകര്‍ഷാത്‌
ഘോഷാനുമേയസ്ഖലിതോദകാനി
ഉത്തുംഗരോധസ്തരുമണ്ഡലാനി
നിമ്നാനി ദൃഷ്ട്വാ നിതരാം രേമേ

സഃ (തച്ഛ പു പ്ര ) അവന്‍ (കൃഷ്ണന്‍)
അതിവിപ്രകര്‍ഷാത്‌ ( പു ) അതിവിപ്രകര്‍ഷം കാരണം - അതിയായ ദൂരം കാരണം
അലക്ഷ്യമൂലാനി ( ദ്വി ) അലക്ഷ്യമൂലങ്ങളായി - കാണാന്‍ പറ്റാത്ത മൂലതടങ്ങളുള്ള - അത്യഗാധമായ
ഘോഷാനുമേയസ്ഖലിതോദകാനി ( ദ്വി ) ഘോഷം - ശബ്ദം കൊണ്ട്‌, അനുമേയമായ - ഊഹിക്കാന്‍ കഴിയുന്നം, ഉദകത്തിന്റെ വെള്ളത്തിന്റെ, സ്ഖലിതം - പതനം ഉള്ള - ശബ്ദം കൊണ്ട്‌ മാത്രം വെള്ളം വീഴുന്നു എന്ന് ഊഹിക്കാന്‍ പറ്റുന്നത്ര അഗാധം എന്നു താല്‍പര്യം
ഉത്തുംഗരോധസ്തരുമണ്ഡലാനി ( ദ്വി ) ഉത്തുംഗമായ-ഉയര്‍ന്ന , രോധസ്തരുക്കള്‍ - തീരവൃക്ഷങ്ങള്‍ ഉള്ള
നിമ്നാനി ( ദ്വി ) നിമ്നങ്ങളെ - ആഴമേറിയ ജലപ്രദേശങ്ങളെ
ദൃഷ്ട്വാ (ക്ത്വാ ) കണ്ടിട്ട്‌
നിതരാം () ഏറ്റവും
രേമേ (ലിട്‌ പ്രപു ) രമിച്ചു

അതിയായ ദൂരം കാരണം അടിത്തടം കാണാന്‍ പറ്റാത്തതും , വെള്ളം വീഴുന്ന ശബ്ദം കൊണ്ടു മാത്രം ഊഹിക്കാന്‍ കഴിയുന്നതും, ഉയര്‍ന്ന തീരവൃക്ഷങ്ങളുള്ളതും ആയ അഗാധജലഗര്‍ത്തങ്ങളെ കണ്ട്‌ കൃഷ്ണന്‍ ഏറ്റവും സന്തോഷിച്ചു

27
അതുച്ഛഗുച്ഛസ്തനഭാരനമ്രാഃ
ലതാഃ പ്രവാളാധരലോഭനീയാഃ
തത്ര വീക്ഷ്യഭ്രമരാളകാഢ്യാഃ
താമസ്മരസ്താമരസാധിവാസാം

സഃ (തച്ഛ പു പ്ര ) അവന്‍
തത്ര () അവിടെ
അതുച്ഛഗുച്ഛസ്തനഭാരനമ്രാഃ ( സ്ത്രീ ദ്വി ) അതുച്ഛങ്ങളായ - (തുച്ഛങ്ങളല്ലാത്ത) മഹത്തുക്കളായ , ഗുച്ഛങ്ങളാകുന്ന - പൂങ്കുലകളാകുന്ന, സ്തനഭാരനമ്രാഃ സ്തനങ്ങളുടെ ഭാരത്താല്‍ കുനിഞ്ഞ
പ്രവാളാധരലോഭനീയാഃ ( സ്ത്രീ ദ്വി ) പ്രവാളങ്ങളാകുന്ന - തളിരുകളാകുന്ന അധരങ്ങളാല്‍ ലോഭനീയായായ - മനോഹരയായ
ഭ്രമരാളകാഢ്യാഃ ( സ്ത്രീ ദി ) ഭ്രമരങ്ങളാകുന്ന വണ്ടുകളാകുന്ന അളകങ്ങളോടു കൂടിയ
ലതാഃ ( സ്ത്രീ ദ്വി ) ലതകളെ
വീക്ഷ്യ (ല്യ ) കണ്ടിട്ട്‌
താം ( തച്ഛ സ്ത്രീ ദ്വി )
താമരസാധിവാസാം ( സ്ത്രീ ദ്വി ) താമരസാധിവാസയെ - താമരസത്തില്‍ -താമരയില്‍ അധിവസിക്കുന്നവളെ ലക്ഷ്മിദേവിയെ
അസ്മരല്‍ (ലങ്ങ്‌ പ്രപു ) സ്മരിച്ചു ഓര്‍മ്മിച്ചു

വലിയ പൂങ്കുലകളാകുന്ന മുലകളുടെ ഭാരത്താല്‍ കുനിഞ്ഞതും, തളിരുകളാകുന്ന ചുണ്ടൂകളാല്‍ മനോഹരമായതും വണ്ടുകളാകുന്ന അളകങ്ങളോടു കൂടിയതും ആയ ലതകളെ കണ്ടിട്ട്‌ കൃഷ്ണന്‍ ലക്ഷ്മിദേവിയെ ഓര്‍മ്മിച്ചു
28

സമുത്സുകം സാഗരകന്യകായാം
ആകൃഷ്ടുമന്തഃകരണം മുരാരേഃ
സര്‍വസ്യ വേത്താ സരസാം വാചം
സങ്കര്‍ഷണസ്സാദരമിത്യുവാച

സര്‍വസ്യ ( ) സര്‍വത്തിന്റെയും
വേത്താ ( പു പ്ര ) വേത്താവായ - അറിവാളിയായ
സഃ (തച്ഛ പു പ്ര )
സങ്കര്‍ഷണഃ ( പു പ്ര ) സങ്കര്‍ഷണന്‍ - ബലഭദ്രര്‍
സാഗരകന്യകായാം ( സ്ത്രീ ) സാഗരകന്യകയില്‍ - മഹാലക്ഷ്മിയില്‍
സമുത്സുകം ( ദ്വി ) സമുത്സുകമായിരിക്കുന്ന - ഔത്സുക്യത്തോടുകൂടിയിരിക്കുന്ന
മുരാരേഃ ( പു ) മുരാരിയുടെ - കൃഷ്ണന്റെ
അന്തഃകരണം ( ദ്വി ) അന്തഃകരണത്തെ
ആകൃഷ്ടും (തുമുന്‍ ) ആകര്‍ഷിക്കാന്‍
സരസാം ( സ്ത്രീ ദ്വി ) സരസയായ
വാചം ( സ്ത്രീ ദ്വി ) വാക്കിനെ
സാദരം (ക്രി വി) ആദരവോടുകൂടി
ഇതി () ഇപ്രകാരം
ഉവാച (ലിട്‌ പ്ര ) പറഞ്ഞു

മഹാലക്ഷ്മിയില്‍ അത്യധികം ഉത്സുകമായിരിക്കുന്ന കൃഷ്ണന്റെ മനസിനെ ആകര്‍ഷിക്കുവാന്‍ വേണ്ടി സരസമായ വാക്കുകള്‍ സാദരം ഇപ്രകാരം പറഞ്ഞു

29
അന്തസ്സമീരഭ്രമണപ്രസംഗാല്‍
ഉദീര്‍ണ്ണനാദേന ഗുഹാമുഖേന
ഭൂയഃ പ്രയുങ്‌ക്തേ പ്രിഥിവീധരസ്തേ
ഗോവര്‍ദ്ധനഃ സ്വാഗതമേഷ ശൗരേ

ശൗരേ ( പു സംപ്ര ) അല്ലയോ സൗരേ
ഏഷ (ഏതച്ഛ പ്ര )
ഗോവര്‍ദ്ധനഃ ( പു പ്ര ) ഗോവര്‍ദ്ധന
പ്രിഥിവീധരഃ ( പു പ്ര ) പര്‍വതം
അന്തഃ () അകത്ത്‌
സമീരഭ്രമണപ്രസംഗാത്‌ ( പു )സമീരണന്റെ - വായുവിന്റെ , ഭ്രമണപ്രസംഗാത്‌ പ്രവേശ പ്രവൃത്തിയാല്‍ - വായുപ്രവേശിക്കുന്നതിനാല്‍
ഉദീര്‍ണ്ണനാദേന ( പു തൃ ) ഉണ്ടായ നാദത്താല്‍
ഭൂയഃ () വീണ്ടും വീണ്ടും
തേ (യുഷ്മച്ഛ ) നിനക്ക്‌
സ്വാഗതം ( ദ്വി ) സ്വാഗതത്തെ
പ്രയുങ്‌ക്തെ (ലിട്‌ പ്ര ) പ്രയോഗിക്കുന്നു

അല്ലയോ കൃഷ്ണാ ഈ ഗോവര്‍ദ്ധനപര്‍വ്വതം, ഉള്ളില്‍ പ്രവേശിക്കുന്ന വായുകാരണം ഉണ്ടാകുന്ന ശബ്ദത്താല്‍ വീണ്ടും വീണ്ടും നിന്നെ സ്വാഗതം ചെയ്യുന്നു

30
നിശമ്യ ഗോവര്‍ദ്ധനനിര്‍ഝരാണാം
ധീരധ്വനിം കൃഷ്ണ ശിഖണ്ഡിനോമീ
മുദാ ത്വദാലോകനജാതയേവ
നൃത്യന്തി ചക്രീകൃതബര്‍ഹഭാരാഃ

കൃഷ്ണ ( പു സം പ്ര ) അല്ലയൊ കൃഷ്ണാ
അമീ (അദശ്ശബ്ദം പു പ്ര )
ശിഖണ്ഡിനഃ ( പു പ്ര ) ശിഖണ്ഡികള്‍ - മയിലുകള്‍
ഗോവര്‍ദ്ധനനിര്‍ഝരാണാം ( പു ) ഗോവര്‍ദ്ധനത്തിലെ നിര്‍ഝരങ്ങളുടെ - ജലപ്രവാഹത്തിന്റെ
ധീരധ്വനിം ( പു ദ്വി ) ധീരധ്വനിയെ - ഗംഭീരമായ ശബ്ദത്തെ
നിശമ്യ (ല്യ ) നിശമനം ചെയ്തിട്ട്‌ - കേട്ടിട്ട്‌
ത്വദാലോകനജാതയാ ( സ്ത്രീ തൃ ) ത്വദാലോകനജാതയോ - നിന്നെ കണ്ടതുകൊണ്ടുണ്ടായ
മുദാ ( സ്ത്രീ തൃ ) സന്തോഷം കൊണ്ടൊ
ഇവ () എന്നു തോന്നുമാറ്‌
ചക്രീകൃതബര്‍ഹഭാരാഃ ( പു പ്ര ) ചക്രീകൃതങ്ങളായ - വിരുത്തിപ്പിടിക്കപ്പെട്ട ബര്‍ഹഭാരങ്ങളായി - പീലിക്കൂട്ടത്തോടുകൂടി
നൃത്യന്തി (ലട്‌ പ്രപു ) നൃത്തം ചെയ്യുന്നു

അല്ലയോ കൃഷ്ണാ ഗോവര്‍ദ്ധനപര്‍വതത്തില്‍ നിന്നുണ്ടാകുന്ന ജലപ്രവാഹങ്ങളുടെ ഗംഭീരമായ ശബ്ദം കേട്ടിട്ട്‌ മയിലുകള്‍ നിന്നെ കണ്ടതിലുണ്ടായ സന്തോഷം കൊണ്ടൊ എന്നു തോന്നിക്കുമാറ്‌ പീലിവിടര്‍ത്തി നൃത്തമാടുന്നു
31
പാദാവിമൗ സഞ്ചരണായ നാലം
അത്രേതി മത്വാ മൃഗയൂഥമേതല്‍
സ്വലോചനാംശുസ്തബകാപദേശാല്‍
നീലോല്‍പലൈര്‍ഭൂമിമിവാസ്തൃണാതി

ഏതല്‍ (ഏതച്ഛബ്ദം പ്ര )
മൃഗയൂഥം ( പ്ര ) മൃഗയൂഥം - മാന്‍കൂട്ടം
ഇമൗ (ഇദം പു പ്ര ദ്വി)
പാദൗ ( പു പ്ര ദ്വി) പാദങ്ങള്‍
അത്ര () ഇവിടെ
സഞ്ചരണായ ( ) സഞ്ചരണത്തിന്‌
ന, അലം () ശക്തം അല്ല
ഇതി () എന്ന്
മത്വാ (ക്ത്വാ ) വിചാരിച്ചിട്ട്‌
സ്വലോചനാംശുസ്തബകാപദേശാത്‌ ( പു ) സ്വന്തം ലോചങ്ങളുടെ സ്തബകങ്ങള്‍ - പൂങ്കുലകള്‍ - പോലെ ഉള്ള അംശുക്കള്‍ - രശ്മികള്‍ അപദേശം കൊണ്ട്‌ - എന്നു തോന്നിക്കുമാറ്‌
നീലോല്‍പലൈഃ ( തൃ ) കരിംകൂവളപ്പൂവുകള്‍ കൊണ്ട്‌
ഭൂമിം ( സ്ത്രീ ദ്വി ) ഭൂമിയെ
ആസ്തൃണാതി (ലട്‌ പ്രപു ) ആസ്തരിക്കുന്നു - മറയ്ക്കുന്നു
ഇവ () എന്നു തോന്നും

നിന്റെ ഈ പാദങ്ങള്‍ മുള്ളുകള്‍ നിറഞ്ഞ ഈ വനപ്രദേശത്ത്‌ സഞ്ചരിക്കുന്നതിനു ശക്തങ്ങളല്ല എന്നു വിചാരിച്ച്‌ ഈ മൃഗസമൂഹം തങ്ങളുടെ നേത്രങ്ങളുടെ പൂങ്കുല പോലെയുള്ള രശ്മികള്‍ എന്ന വ്യാജേന കരിംകൂവളപ്പൂവുകളെകൊണ്ട്‌ ഭൂമിയെ മറയ്ക്കുകയാണൊ എന്നു തോന്നും
32
വികീര്യ വിഷ്വഗ്വിപിനദ്രുമാണാം
മധൂനി പുഷ്പസ്തബകച്യുതാനി
അര്‍ക്കാംശുതപ്താമനിലോ ധരിത്രീം
സഞ്ചാരയോഗ്യാം ഭവതാം വിധത്തേ

അനിലഃ ( പു പ്ര ) അനിലന്‍ - വായു
വിപിനദ്രുമാണാം ( പു ) വിപിനദ്രുമങ്ങളുടെ - കാട്ടിലെ മരങ്ങളുടെ
പുഷ്പസ്തബകച്യുതാനി ( ദ്വി ) പൂക്കുലകളില്‍ നിന്നും വീണ
മധൂനി ( ദ്വി ) മധുക്കളെ - തേനിനെ
വിഷ്വക്‌ (ക്രി വി) ചുറ്റുപാടും
വികീര്യ (ല്യ ) വിതറിയിട്ട്‌
അര്‍ക്കാംശുതപ്താം ( സ്ത്രീ ദ്വി ) സൂര്യകിരണങ്ങളാല്‍ തപിപ്പിക്കപ്പെട്ട
ധരിത്രീം ( സ്ത്രീ ദ്വി ) ധരിത്രിയെ - ഭൂമിയെ
ഭവതഃ ( പു ) ഭവാന്‌
സഞ്ചാര്യോഗ്യാം ( സ്ത്രീ ദ്വി ) സഞ്ചാരയോഗ്യയാക്കി
വിധത്തേ (ലട്‌ പ്രപു ) വിധാനം ചെയ്യുന്നു -ആക്കിതീര്‍ക്കുന്നു

കാട്ടിലെ മരങ്ങളുടെ പൂക്കുലകളില്‍ നിന്നും വീഴുന്ന തേനിനെ വായു ചുറ്റുപാടും വിതറിയിട്ട്‌ സൂര്യകിരണങ്ങളാല്‍ ചൂടായ ഭൂമിയെ ഭവാന്‍ സഞ്ചരിക്കത്തക്കവണ്ണം യോഗ്യമാക്കി തീര്‍ക്കുന്നു .

33

ഭീതിരന്തര്‍ന്ന ദൃശോശ്ചലത്വം
നാസ്ഥാ തൃണേനോത്സുകതാപി ശാബേ
രൂപേണ ദാമോദരമോഹിതാസ്തേ
തിഷ്ഠന്ത്യമീ കാഷ്ഠകൃതാ ഇവൈണാ

ദാമോദര ( അ പു സം-പ്ര ഏ) അല്ലയോ ദാമോദര
തേ (തഛ്‌ പു ഷ ഏ) നിന്റെ
രൂപേണ (അ ന തൃ ഏ) രൂപത്താല്‍
മോഹിതാഃ (അ പു പ്ര ബ) മോഹിതരായ
അമീ ( അദശ്ശബ്ദം പു പ്ര ബ)
ഏണാഃ (അ പു പ്ര ബ) മാനുകള്‍
കാഷ്ഠകൃതാഃ (അ പു പ്ര ബ) പ്രതിമകളെ
ഇവ (അ) പോലെ
തിഷ്ഠന്തി (ലട്‌ പ പ്രപു ബ) നില്‍ക്കുന്നു
അന്തഃ (അ) അന്തര്‍ഭാഗത്ത്‌ - ഉള്ളില്‍
ഭീതിഃ (ഇ സ്ത്രീ പ്ര ഏ) ഭീതി
(അ) ഇല്ല
ദൃശോഃ (ശ സ്ത്രീ സ ഏ) ദൃക്‌കുകളില്‍
ചലത്വം (അ ന പ്ര ഏ) ചലത്വം
(അ) ഇല്ല
തൃണേ (അ പു സ ഏ) പുല്ലില്‍
ആസ്ഥാ (ആ സ്ത്രീ പ്ര ഏ) ആസ്ഥയും
(അ) ഇല്ല
ശാബേ (അ പു സ ഏ) കുട്ടികളില്‍
ഉത്സുകതാ (ആ സ്ത്രീ പ്ര ഏ) ഔത്സുക്യം
അപി (അ) പോലും
(അ) ഇല്ല

അല്ലയൊ കൃഷ്ണാ നിന്റെ സൗന്ദര്യം കണ്ടു മോഹിച്ച മാനുകള്‍ ഇതാ പ്രതിമകളെ പോലെ നില്‍ക്കുന്നു. അവയ്ക്ക്‌ ഉള്ളില്‍ ഭ്യം ഇല്ല, കണ്ണുകള്‍ ചലിക്കുന്നില്ല, പുല്ലു തിന്നാനുള്ള താല്‍പര്യം ഇല്ല, കുട്ടികളില്‍ ഇഷ്ടം പോലും ഇല്ല.

34

തേനേതി സന്ദര്‍ശിതമഗ്രജേന
മനോഹരം തത്തദവേക്ഷമാണഃ
ഗാശ്ചാരയന്‍ ശാഡ്വലിനീഷു ഭൂഷു
രേമേ രമായാഃ രമണഃ പ്രകാമം

ഇതി (അ) ഇപ്രകാരം
അഗ്രജേന (അ പു തൃ ഏ) അഗ്രജനായ - ജ്യേഷ്ഠനായ
തേന (തച്ഛബ്ദം പു തൃ ഏ) അവനാല്‍
സന്ദര്‍ശിതം (അ ന ദ്വി ഏ) സന്ദര്‍ശിതമായ - കാണിച്ചുകൊടുക്കപ്പെട്ട
തല്‍ തല്‍ (തച്ച ന ദ്വി ഏ) അതാതിനെ
അവേക്ഷമാണഃ (അ പു പ്ര ഏ) അവേക്ഷമാണനായ - കണ്ടുകൊണ്ടിരിക്കുന്ന
രമായാഃ ( ആ സ്ത്രീ ഷ ഏ) രമയുടെ
രമണഃ (അ പു പ്ര ഏ) രമണന്‍ - കാന്തന്‍
ശാഡ്വലിനീഷു (ഈ സ്ത്രീ സ ബ) പച്ചപ്പുല്‍ത്തകിടികളുള്ള
ഭൂഷു (ഊ സ്ത്രീ സ ബ) ഭൂമികളില്‍
ഗാഃ (ഊ സ്ത്രീ ദ്വി ബ) പശുക്കളെ
ചാരയന്‍ (ത പു പ്ര ഏ) ചാരയന്നായിട്ട്‌ - മേച്ചുകൊണ്ട്‌
പ്രകാമം (അ) ഏറ്റവും
രേമേ (ലിട്‌ ആ പ്രപു ഏ) രമിച്ചു

ഇപ്രകാരം ജ്യേഷ്ഠനായ ബലരാമനാല്‍ കാണിച്ചു കൊടുക്കപ്പ്പെട്ട കാഴ്ച്ചകള്‍ കണ്ടുകൊണ്ട്‌ പച്ചപ്പുല്‍ത്തകിടികളില്‍ പശുക്കളെ മേച്ചു കൊണ്ട്‌ രാമാകാന്തനായ കൃഷ്ണന്‍ വളരെയധികം സന്തോഷിച്ചു

35

തം തത്ര ദൃഷ്ട്വാ മഹനീയരൂപം
ശൗരിം ശബര്യശ്ചരിതാര്‍ത്ഥനേത്രാഃ
ഫലോപഹാരൈരുപസൃത്യ വന്യൈഃ
അവാദിഷുഃ പ്രശ്രയശോഭി വാക്യം

തത്ര (അ) അവിടെ
ശബര്യഃ (ഈ സ്ത്രീ പ്ര ബ) ശബരികള്‍ - കാട്ടാളസ്ത്രീകള്‍
മഹനീയരൂപം (അ പു ദ്വി ഏ) മഹനീയരൂപമായിരിക്കുന്ന - മഹത്തായ രൂപത്തോടുകൂടിയ - പൂജനീയനായ
തം ( തച്ചബ്ദം പു ദ്വി ഏ)
ശൗരിം (ഇ പു ദ്വി ഏ) ശൗരിയെ
ദൃഷ്ട്വാ (ക്ത്വാ അ) കണ്ടിട്ട്‌
ചരിതാര്‍ത്ഥനേത്രാഃ (ആ സ്ത്രീ പ്ര ബ)ചരിതാര്‍ത്ഥനേത്രകളായി - കണ്ണുകള്‍ക്ക്‌ കൃതാര്‍ത്ഥതയുള്ളവരായി - (കൃഷ്ണനെ കണ്ടതുകൊണ്ട്‌)
വന്യൈഃ (അ പു തൃ ബ) വന്യങ്ങളായ - വനത്തിലുണ്ടായ
ഫലോപഹാരൈഃ (അ പു തൃ ബ) ഫലങ്ങളാകുന്ന ഉപഹാരത്തോടുകൂടി

ഉപസൃത്യ (ല്യ അ) ഉപസരിച്ചിട്ട്‌ - അടുത്തു വന്നിട്ട്‌
പ്രശ്രയശോഭി ( ന ന ദ്വി ഏ) പ്രശ്രയശോഭിയായ - വിനയം കോണ്ട്‌ ശോഭിക്കുന്ന
വാക്യം (അ ന ദ്വി ഏ) വാക്യത്തെ
അവാദിഷുഃ (ലുങ്ങ്‌ പ പ്രപു ബ) പറഞ്ഞു

അവിടെ മനോഹരരൂപമുള്ള പൂജ്യനായ ശ്രീകൃഷ്ണനെ കണ്ടിട്ട്‌ കാട്ടാളസ്ത്രീകള്‍ കാട്ടിലുണ്ടായ പഴങ്ങള്‍ സമര്‍പ്പിച്ചിട്ട്‌ വിനയപൂര്‍വം ഇപ്രകാരം പറഞ്ഞു

36
ഇതഃ പരം നശ്ശരപാതമാത്രം
യായാസ്സഹാനേന സുഹൃദ്ഗണേന
അത്രാഗമിഷ്യാമി കിരാതപുത്രാഃ
ഗവാമമൂഷാം പരിപാലനായ

ഇതഃ (തസിലന്തം അ) ഇവിടെ നിന്ന്
ശരപാതമാത്രം (അ ന പ്ര ഏ) ശരം വീഴുന്നത്ര ദൂരത്തില്‍
നഃ (അസ്മച്ഛബ്ദം ഷ ബ) ഞങ്ങളുടെ
പദം (അ ന പ്ര ഏ) പദം - സ്ഥലം
അനേന (ഇദം പു തൃ ഏ)
സുഹൃദ്ഗണേന (അ പു തൃ ഏ) സുഹൃത്തുക്കളോടു
സഹ (അ) കൂടി
യായാഃ (ലിംഗ്‌ പ മപു ഏ) യാനം ചെയ്താലും
അമൂഷാം (അദശബ്ദം സ്ത്രീ ഷ ബ)
ഗവാം (ഓ സ്ത്രീ ഷ ബ) ഗോക്കളുടെ
പരിപാലനായ (അ ന ച ഏ) പരിപാലനത്തിനായിക്കൊണ്ട്‌
കിരാതപുത്രാഃ (അ പു പ്ര ബ) കിരാതപുത്രന്മാര്‍- കാട്ടാളന്മാര്‍
അത്ര (അ) ഇവിടെ
ആഗമിഷ്യന്തി (ലൃട്‌ പ പ്രപു ബ) വരും

ഇവിടെ നിന്നും ശരം വീഴുന്നത്ര ദൂരത്തില്‍ ഞങ്ങളുടെ വാസസ്ഥലം ആണ്‌. അവിടേക്ക്‌ നിന്റെ ഈ കൂട്ടുകാരോടു കൂടി വന്നാലും. ഈ പശുക്കളെ നോക്കുന്നതിനായി കാട്ടാളച്ചെറുക്കന്മാര്‍ ഇവിടെ എത്തും

37

വ്യാധാഹൃതൈര്‍വാരണകുംഭഗര്‍ഭാല്‍
മുക്താഫലൈരാമലകാഭിരാമൈഃ
പ്രസാധനം ത്വാം ഭുവനത്രയസ്യ
പ്രസാധയിഷ്യന്തി കിരാതകന്യാഃ

കിരാതകന്യാഃ (ആ സ്ത്രീ പ്ര ബ) കിരാതകന്യകമാര്‍
വാരണകുംഭഗര്‍ഭാല്‍ (അ പു പ ഏ) വാരണത്തിന്റെ കുംഭത്തിന്റെ ഗര്‍ഭത്തില്‍ നിന്ന് - ആനയുടെ മസ്തകത്തിലെ മുഴയില്‍ നിന്ന്
വ്യാധാഹൃതൈഃ ( അ ന തൃ ബ) വ്യാധന്മാരാല്‍ കൊണ്ടുവരപ്പെട്ട
ആമലകാഭിരാമൈഃ (അ ന തൃ ബ) നെല്ലിക്ക പോലെ സുന്ദരങ്ങളായ
മുക്താഫലൈഃ (അ ന തൃ ബ) മുത്തുകളാല്‍
ഭുവനത്രയസ്യ (അ ന ഷ ഏ) ഭുവനത്രയത്തിന്റെ - മൂന്നു ലോകങ്ങളുടെയും
പ്രസാധനം (അ ന ദ്വി ഏ) പ്രസാധനമായ - അലങ്കാരമായ
ത്വാം (യുഷ്മച്ഛബ്ദം ദ്വി ഏ) നിന്നെ
പ്രസാധയിഷ്യന്തി (ലൃട്‌ പ പ്രപു ബ) പ്രസാധിക്കും - അലങ്കരിക്കും

ആനയുടെ മസ്തകത്തിലെ മുഴയില്‍ നിന്നും കിരാതന്മാര്‍ എടുത്തുകൊണ്ടുവരുന്ന നെല്ലിക്ക പോലെ സുന്ദരങ്ങളായ മുത്തുകളെകൊണ്ട്‌ കിരാതകന്യകമാര്‍ മൂന്നു ലോകങ്ങള്‍ക്കും അലങ്കാരമായ നിന്നെ അലങ്കരിക്കും

38

കന്യാസ്തി കാചിച്ഛബരേശ്വരസ്യ
യാ നഃ കുലാനാമധിദേവതേവ
താം സര്‍വഥാ ദാസ്യതി തേ സ രാജാ
മഹാന്ത്യനര്‍ഘാണി ച യൗതകാനി

ശബരേശ്വരസ്യ (അ പു ഷ ഏ) ശബരേശ്വരന്റെ - കാട്ടാളരാജാവിന്റെ
കന്യാ (ആ സ്ത്രീ പ്‌ ര ഏ) മകള്‍ ആയി
കാചില്‍ (അ) ഒരുത്തി
അസ്തി (ലട്‌ പ പ്രപു ഏ) ഉണ്ട്‌
യാ (യച്ഛ സ്ത്രീ പ്ര ഏ) യാതൊരുവള്‍
നഃ (അസ്മച്ഛ ഷ ബ) ഞങ്ങളുടെ
കുലാനാം (അ പു ഷ ബ) കുലങ്ങളുടെ
അധിദേവതാ (ആ സ്ത്രീ പ്ര ഏ) അധിദേവതയോ
ഇവ (അ) എന്നു തോന്നും
സഃ (തച്ഛ പു പ്ര ഏ) ആ
രാജാ (ന പു പ്ര ഏ) രാജാവ്‌
സര്‍വഥാ (അ) എല്ലാപ്രകാരവും
തേ (യുഷ്മച്ഛ ച ഏ) നിനക്കായി
താം (തച്ഛ സ്ത്രീ ദ്വി ഏ) അവളെ
ദാസ്യതി (ലൃട്‌ പ പ്രപു ഏ) ദാനം ചെയ്യും
മഹാന്തി (ത ന ദ്വി ബ) മഹത്തുക്കളായി
അനര്‍ഘാണി (അ ന ദ്വി ബ) അനര്‍ഘങ്ങളായിരിക്കുന്ന
യൗതകാനി ( അ ന ദ്വി ബ) യൗതകങ്ങളെ
ച(അ) യും

കാട്ടാളരാജാവിന്റെ മകളായി ഞങ്ങളുടെ കുലങ്ങളുടെ അധിദേവതയോ എന്നു തോന്നുന്നമാറ്‌ ഒരുവള്‍ ഉണ്ട്‌. രാജാവ്‌ അവളെ സര്‍വപ്രകാരവും നിനക്കു ദാനം ചെയ്യും ഒപ്പം അമൂല്യങ്ങളായ്‌ അത്യുത്തമങ്ങളായ സ്ത്രീധനങ്ങളും നിനക്കു നല്‍കും

39

ഇത്യൂചിഷീണാം ശബരാംഗനാനാം
അത്യാദരം ചേതസി വീക്ഷമാണഃ
കൃഷ്ണഃ കൃപാനിഘ്നമനാസ്സ വാചം
ഇത്യാഹ ലജ്ജാമൃദുനാ സ്വനേന

ഇതി (അ) ഇപ്രകാരം
ഊചിഷീണാം (ഈ സ്ത്രീ ഷ ബ) ഊചുഷികളായ- പറയുന്ന
ശബരാംഗനാനാം (ആ സ്ത്രീ ഷ ബ) ശബരാംഗനകളുടെ - വേടസ്ത്രീകളുടെ
അത്യാദരം (അ പു ദ്വി ഏ) അത്യാദരത്തെ
ചേതസി (സ ന സ ഏ) ചേതസ്സില്‍
വീക്ഷ്യമാണഃ (അ പു പ്ര ഏ)വീക്ഷമാണനായ - കണ്ടുകൊണ്ടിരിക്കുന്ന
കൃപാനിഘ്നമനാഃ (സ പു പ്ര ഏ) കൃപാനിഘ്നമനസ്സായ- കൃപയ്ക്കധീനമായ മനസ്സോടു കൂടിയ
സഃ (തച്ഛ പു പ്ര ഏ) ആ
കൃഷ്ണഃ (അ പു പ്ര ഏ) കൃഷ്ണന്‍
ലജ്ജാമൃദുനാ (ഉ പു തൃ ഏ) ലജാമൃദുവായ - ലജ്ജകാരണം മന്ദമായ
സ്വനേന ( അ പു തൃ ഏ) ശബ്ദത്തോടു
ഉപലക്ഷിതഃ (അ പു പ്ര ഏ) ഉപലക്ഷിതനായിട്ട്‌ - കൂടിയവനായിട്ട്‌
ഇതി (അ) ഇപ്രകാരം
വാചം (ച സ്ത്രീ ദ്വി ഏ) വാക്കിനെ
ആഹ (ലിട്‌ പ പ്രപു ഏ) പറഞ്ഞു

ഇപ്രകാരം പറയുന്ന കട്ടാളസ്ത്രീകളുടെ വര്‍ദ്ധിച്ച ആദരവിനെ കണ്ട്‌ മനസ്സില്‍ കൃപയോടുകൂടിയ കൃഷ്ണന്‍ ലജ്ജ കൊണ്ട്‌ കോമളമായ ശബ്ദത്തില്‍ ഇപ്രകാരം പറഞ്ഞു

40

പിത്രോരനുജ്ഞാമധിഗമ്യ ഭദ്രാ:
സമീഹിതം വസ്സകലം വിധാസ്യേ
മയി സ്ഥിതേ തിഷ്ഠതി ഗോകുലം തല്‍
ഗച്ഛാമി മാഭൂത വിഷാദവത്യഃ

ഭദ്രാഃ (ആ സ്ത്രീ സം പ്ര ബ) അല്ലയൊ ഭദ്രമാരെ
പിത്രോഃ (ഋ പു ഷ ദ്വി) പിതാക്കളുടെ
അനുജ്ഞാം (ആ സ്ത്രീ ദ്വി ഏ) അനുജ്ഞയെ - സമ്മതത്തെ
അധിഗമ്യ (ല്യ അ) അധിഗമിച്ചിട്ട്‌ - ലഭിച്ചിട്ട്‌
വഃ (യുഷ്മച്ഛബ്ദം ഷ ബ) നിങ്ങളുടെ
സകലം (അ ന ദ്വി ഏ) സകലമായിരിക്കുന്ന - എല്ലാ
സമീഹിതം (അ ന ദ്വി ഏ) സമീഹിതത്തെ - ആഗ്രഹത്തെ
വിധാസ്യേ (ലൃട്‌ ആ ഉപു ഏ) ചെയ്യുന്നുണ്ട്‌
മയി (അസ്മച്ഛബ്ദം സ ഏ) ഞാന്‍
സ്ഥിതേ (ഇ പു സ ഏ) സ്ഥിതനായിരിക്കുമ്പോള്‍
ഗോകുലം (അ ന പ്ര ഏ) ഗോകുലം
തിഷ്ഠതി (ലട്‌ പ പ്ര പു ഏ) സ്ഥിതി ചെയ്യുന്നു
തല്‍ (അ) അതുകാരണം
ഗച്ഛാമി (ലട്‌ പ ഉപു ഏ) പോകുന്നു (ഞാന്‍ പോകുന്നു)
യൂയം (യുഷ്മച്ഛബ്ദം പ്ര ബ) നിങ്ങള്‍
വിഷാദവത്യഃ (ഇ സ്ത്രീ പ്ര ബ) വിഷാദവതികളായി
ഭൂത (ലുങ്ങ്‌ പ മപു ബ)ഭവിക്കുക
മാ (അ) അരുത്‌

അല്ലയോ ഭദ്രമാരെ. മാതാപിതാക്കളെ നിങ്ങളുടെ ആഗ്രഹം അറിയിച്ചിട്ട്‌ അവരുടെ സമ്മതപ്രകാരം ഞാന്‍ അതു സാധിക്കാം. ഇപ്പോള്‍ പശുക്കളെല്ലാം എന്നെ ആശ്രയിച്ചാണ്‌ നിലനില്‍ക്കുന്നത്‌ അതുകൊണ്ട്‌ ഞാന്‍ പോകുന്നു. നിങ്ങള്‍ വിഷമിക്കാതിരിക്കുക

41

ഗതേ പുളിന്ദീരിതി സാന്ത്വയിത്വാ
തദിഷ്ടഭംഗവ്യഥിതേ മുകുന്ദേ
ഫലാപചായാദിഷു നിസ്പൃഹാസ്താഃ
ശനൈര്യയുഃ പക്കണമേവ ഖിന്നാഃ

ഇതി (അ) ഇപ്രകാരം
പുളിന്ദീഃ (ഈ സ്ത്രീ ദ്വി ബ) പുളിനിദികളെ -കാട്ടാളസ്ത്രീകളെ
സാന്ത്വയിത്വാ (ക്ത്വാ അ) സാന്ത്വനം ചെയ്തിട്ട്‌
തദിഷ്ടഭംഗവ്യഥിതേ (അ പു സ ഏ) അവരുടെ ഇഷ്ടഭംഗത്തില്‍ വ്യഥിതനായ - അവരുടെ ഇഷ്ടത്തെ നിരാകരിച്ചതില്‍ ദുഃഖിതനായ
മുകുന്ദേ (അ പു സ ഏ) മുകുന്ദന്‍
ഗതേ (അ പു സ ഏ) പോയപ്പോള്‍
താഃ (തച്ഛ സ്ത്രീ പ്ര ബ) അവര്‍
ഖിന്നാഃ (ആ സ്ത്രീ പ്ര ബ) ഖിന്നകളായി - ദുഃഖിതരായി
ഫലാപചായാദിഷു (ഇ ന സ ബ) ഫലാപചായത്തില്‍ - പഴങ്ങള്‍ ശേഖരിക്കുന്നതില്‍
നിസ്പൃഹാഃ (ആ സ്ത്രീ പ്ര ബ) താല്‍പര്യം ഇല്ലാത്തവരായി
ശനൈഃ (അ) പതുക്കെ
പക്കണം (അ പു ദ്വി ഏ) പക്കണത്തെ - വീടിനെ
ഏവ (അ) തന്നെ
യയുഃ (ലിട്‌ പ പ്രപു ബ) യാനം ചെയ്തു - പോയി

ഇപ്രകാരം കാട്ടാളസ്ത്രീകളെ സാന്ത്വനം ചെയ്തു കൃഷ്ണന്‍ പോയിക്കഴിഞ്ഞപ്പോള്‍, ദുഃഖിതരായ ആ കാട്ടാളസ്ത്രീകള്‍ പഴങ്ങള്‍ ശേഖരിക്കുന്നതില്‍ താല്‍പര്യം ഇല്ലാതെ പതുക്കെ അവരുടെ വീട്ടിലേക്കു പോയി

42
വിഹൃത്യ ഗര്‍ഭേഷു ലതാഗൃഹാണാം,
നിപീയ വാരീണി ച പല്വലാനാം
ഫലാനിചാസ്വാദ്യ മഹീരുഹാണാം
വനാനി ധന്യാനി ചകാര ശൗരീ

ശൗരീ (ഈ പു പ്ര ഏ) കൃഷ്ണന്‍
ലതാഗൃഹാണാം (അ ന ഷ ബ) ലതാഗൃഹങ്ങളുടെ - വള്ളിക്കുടിലുകളുടെ
ഗര്‍ഭേഷു (അ പു സ ബ) ഗര്‍ഭങ്ങളില്‍ - ഉള്ളില്‍
വിഹൃത്യ (ല്യ അ) വിഹരിച്ചിട്ടും
പല്വലാനാം (അ ന ഷ ബ) പല്വലങ്ങളുടെ - ചെറിയ സരസുകളിലെ
വരീണി (ഇ ന ദ്വി ബ) വാരികളെ - വെള്ളത്തെ
നിപീയ (ല്യ അ) കുടിച്ചിട്ടും
ച (അ)
മഹീരുഹാണാം (അ പു ഷ ബ) മഹീരുഹങ്ങളുടെ - മരങ്ങളുടെ
ഫലാനി (അ ന ദ്വി ബ) പഴങ്ങളെ
ആസ്വാദ്യ (ല്യ അ) ആസ്വദിച്ചിട്ടും
ച(അ)
വനാനി (അ ന ദ്വി ബ) വനങ്ങളെ
ധന്യാനി (അ ന ദ്വി ബ) ധന്യങ്ങള്‍
ചകാര (ലിട്‌ പ പ്ര പു ഏ) ചെയ്തു (ആക്കിത്തീര്‍ത്തു)

കൃഷ്ണന്‍ വള്ളിക്കുടിലുകള്‍ക്കുള്ളില്‍ കളിച്ചും സരസുകളിലെ വെള്ളം കുടിച്ചും, വൃക്ഷങ്ങളിലെ പഴങ്ങള്‍ ഭക്ഷിച്ചും വനങ്ങളെ ഭാഗ്യവത്തുക്കളാക്കി.

43
അഥാധിരൂഢേ ഗഗനസ്യ മദ്ധ്യം
ദിവാകരേ ദുസ്സഹഭാനുജാലേ
ഘര്‍മ്മാകുലം ഗോകുലമീക്ഷമാണഃ
ഹലായുധഃ പ്രാഹ രഥാംഗപാണിം

അഥ (അ) അനന്തരം
ദുസ്സഹഭാനുജാലേ (അ പു സ ഏ) ദുസ്സഹഭാനുജാലനായ - സഹിക്കുവാന്‍ പാടില്ലാത്തത്ര തീവ്രമായ രശ്മികളോടു കൂടിയ
ദിവാകരേ (അ പു സ ഏ) സൂര്യന്‍
ഗഗനസ്യ (അ പു ഷ ഏ) ആകാശത്തിന്റെ
മദ്ധ്യം (അ ന ദ്വി ഏ) മദ്ധ്യത്തെ
അധിരൂഢേ (അ പു സ ഏ) അധിരൂഢനായിരിക്കുമ്പോള്‍
ഗോകുലം (അ ന ദ്വി ഏ) ഗോകുലത്തെ
ഘര്‍മ്മാകുലം (അ ന ദ്വി ഏ) ഘര്‍മ്മാകുലമായി - വിയര്‍പ്പിനാല്‍ പരവേശപ്പെട്ടതായി
ഈക്ഷമാണഃ (അ പു പ്ര ഏ) ഈക്ഷമാണനായ - കണ്ട
ഹലായുധഃ (അ പു പ്ര ഏ) ഹലായുധന്‍ - ഹലം(കലപ്പ) ആയുധമായവന്‍ -ബലരാമന്‍
രഥാംഗപാണിം (ഇ പു ദ്വി ഏ) രഥാംഗപാണിയോട്‌ ( രഥാംഗം (ചക്രം) പാണിയില്‍ ഉള്ളവന്‍ - കയ്യില്‍ ഉള്ളവന്‍- കൃഷ്ണന്‍
പ്രാഹ (ലിട്‌ പ പ്രപു ഏ) പറഞ്ഞു

ദുസ്സഹമായ ചൂടുള്ള ഉച്ചസമയം ആയപ്പോള്‍ പശുക്കൂട്ടം വിയര്‍ത്തു പരവേശപ്പെടുന്നതു കണ്ട്‌ ബലരാമന്‍ കൃഷ്ണനോട്‌ ഇപ്രകാരം പറഞ്ഞു
44
കിഞ്ചില്‍പരിമ്ലാനലതാപ്രവാളഃ
തൃണാംകുരഭ്രാന്തകുരംഗയൂഥഃ
അഹ്നഃ പരിത്യക്തജനപ്രചാരഃ
പ്രവര്‍ത്തതേ മധ്യമ ഏഷ ഭാഗഃ

കിഞ്ചില്‍പരിമ്ലാനലതാപ്രവാളഃ (അ പു പ്ര ഏ) അല്‍പം ഒന്നു വാടിയ വള്ളിയുടെ തളിരുകള്‍ ഉള്ളതും
തൃണാംകുരഭ്രാന്തകുരംഗയൂഥഃ (അ പു പ്ര ഏ) ഇളമ്പുല്ലു തേടി അങ്ങുമിങ്ങും ചുറ്റി നടക്കുന്ന മാനുകള്‍ ഉള്ളതും
പരിത്യക്തജനപ്രചാരഃ (അ പു പ്ര ഏ) ജനസഞ്ചാരം ഇല്ലാത്തതും
അഹ്നഃ (ന ന ഷ ഏ) അഹസ്സിന്റെ - ദിവസത്തിന്റെ
മദ്ധ്യമ (അ പു പ്ര ഏ) മധ്യമമായ
ഭാഗഃ (അ പു പ്ര ഏ) ഭാഗം
ഏഷ: (ഏതഛ പു പ്ര ഏ) ഇത്‌
പ്രവര്‍ത്തതെ (ലട്‌ ആ പ്രപു ഏ)

അല്‍പം ഒന്നു വാടിയ തളിരുകളോടു കൂടിയ വള്ളികളുള്ളതും ഇളം പുല്ലു തേടി ചുറ്റി നടക്കുന്ന മാനുകളുള്ളതും , ജനസഞ്ചാരം തീരെ ഇല്ലാത്തതുമായ ഉച്ചനേരം വന്നു

45
കുലാനി വീക്ഷസ്വ വിഹംഗമാനാം
പക്ഷാന്തരസ്ഥാപിതശാബകാനി
കഠോരമേനം ഗമയന്തി കാലം
നീഡേഷു നിദ്രാലസലോചനാനി

വിഹംഗമാനാം (അ പു ഷ ബ) പക്ഷികളുടെ
കുലാനി ( അ ന പ്ര ബ) കുലങ്ങള്‍
കഠോരം (അ പു ദ്വി ഏ) കഠോരമായ
ഏനം ( ഏതച്ഛ പു ദ്വി ഏ) ഈ
കാലം (അ പു ദ്വി ഏ) കാലത്തെ
പക്ഷാന്തരസ്ഥാപിതശാബകാനി (അ ന പ്ര ബ) ചിറകുകളുടെ ഉള്ളില്‍ വയ്ക്കപ്പെട്ട കുഞ്ഞുങ്ങളോടു കൂടി
നിദ്രാലസലോചനാനി (അ ന പ്ര ബ) ഉറക്കത്താല്‍ മന്ദിച്ച കണ്ണുകളോടു കൂടി
നീഡേഷു ( അ പു സ ബ) കൂടുകളില്‍
ഗമയന്തി (ലട്‌ പ പ്രപു ബ) കഴിച്ചുകൂട്ടുന്നു
വീക്ഷസ്വ (ലോട്‌ ആ മപു ഏ) കണ്ടാലും

ഭയങ്കരമായ ഈ സമയത്ത്‌ പക്ഷികള്‍ തങ്ങളുടെ കുഞ്ഞുങ്ങളെ ചിറകുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച്‌ ഉറക്കം കൊണ്ട്‌ മന്ദിച്ച കണ്ണൂകളോടു കൂടി കൂട്ടില്‍ തന്നെ ഇരിക്കുന്നത്‌ കണ്ടാലും

46
പ്രായഃ കഠോരാതപപീഡയേവ
ഛായാഃ പരിത്യക്തബഹിര്‍വിഹാരാഃ
ആലോകയാധ്വന്യജനേന സാര്‍ദ്ധം
അധ്യാസതേ മൂലമനോഹകാനാം

അനോകഹാനാം (അ പു ഷ ബ) അനോകഹങ്ങളുടെ - വൃക്ഷങ്ങളുടെ
ഛായാഃ (അ പു പ്ര ബ) ഛായകള്‍ - നിഴലുകള്‍
പ്രായഃ (അ) മിക്കവാറും
കഠോരാതപപീഡയാ (ആ സ്ത്രീ തൃ ഏ) കഠിനമായ ചൂടു സഹിക്കന്‍ വയ്യാതെ
ഇവ (അ) എന്നു തോന്നുമാറ്‌
പരിത്യക്തബഹിര്‍വിഹാരാഃ (ആ സ്ത്രീ പ്ര ബ) പരിത്യക്തമായ ബഹിര്‍വിഹാരത്തൊടു കൂടിയവയായി - പുറമേയ്ക്കു പോകാതെ
അധ്വന്യജനേന (അ പു തൃ ഏ) യാത്രക്കാരോട്‌
സാര്‍ദ്ധം (അ) കൂടി
മൂലം (അ ന ദ്വി ഏ) മൂലത്തെ - ചുവടിനെ
അധ്യാസതെ (ലട്‌ ആ പ്രപു ഏ) അധിവസിക്കുന്നു
ആലോകയ (ലോട്‌ പ മപു ഏ) കണ്ടാലും

വൃക്ഷങ്ങളുടെ നിഴലുകള്‍ കഠിനമായ ചൂടിനെ സഹിക്കാന്‍ പറ്റാഞ്ഞിട്ടൊ എന്നു തോന്നുമാറ്‌ പുറമേക്കു പോകാതെ യാത്രക്കാരോടൊപ്പം വൃക്ഷമൂലത്തില്‍ തന്നെ അധിവസിക്കുന്നത്‌ കാണൂ.

47
കരൈരസഹ്യൈരയമംശുമാലീ
തപന്‍ മഹീമുഗ്ര ഇവ ക്ഷിതീശഃ
ആശംസിതാപല്‍പ്രസരഃ പ്രജാഭിഃ
ധത്തേ ദശാമദ്യ വിഗര്‍ഹണീയാം

അയം (ഇദംശബ്ദം പു പ്ര ഏ) ഈ
അംശുമാലീ (ന പു പ്ര ഏ) അംശുമാലി - സൂര്യന്‍
ഉഗ്രഃ (അ പു പ്ര ഏ) ഉഗ്രനായ
ക്ഷിതീശഃ (അ പു പ്ര ഏ) ക്ഷിതീശന്‍ - രാജാവ്‌
ഇവ (അ) എന്ന പോലെ
അസഹ്യൈഃ (അ പു തൃ ബ) അസഹനീയങ്ങളായ
കരൈഃ (അ പു തൃ ബ) കരങ്ങളാല്‍ - രശ്മികളാല്‍
മഹീം (ഈ സ്ത്രീ ദ്വി ഏ) മഹിയെ - ഭൂമിയെ
തപന്‍ (ത പു പ്ര ഏ) തപന്നായി - ചൂടാക്കിക്കൊണ്ട്‌
പ്രജാഭിഃ (ആ സ്ത്രീ തൃ ബ) പ്രജകളാല്‍
ആശംസിതാപല്‍പ്രസരഃ (അ പു പ്ര ഏ) ആശംസിതമായ ആപല്‍പ്രസരന്നായി
അദ്യ (അ) ഇപ്പോള്‍
വിഗര്‍ഹണീയാം (ആ സ്ത്രീ ദ്വി ഏ) വിഗര്‍ഹണീയമായ - നിന്ദ്യമായ
ദശാം (ആ സ്ത്രീ ദ്വി ഏ) ദശയെ
ധത്തെ (ലട്‌ ആ പ്രപു ഏ) ധരിക്കുന്നു

ഈ സൂര്യന്‍ ക്രൂരനായ രാജാവിനെ പോലെ തന്റെ രശ്മികളാല്‍ ഭൂമിയെ തപിപ്പിച്ച്‌ പ്രജകളാല്‍ ഇവന്‍ അസ്തമിച്ചു പോകട്ടെ എന്നു പ്രാര്‍ത്ഥിക്കത്തക്കവണ്ണം നിന്ദ്യമായ അവസ്ഥയെ പ്രാപിച്ചിരിക്കുന്നു.

48

വിഹൃത്യ കാന്താരമഹീഷു വേഗാല്‍
വ്രജന്നപഃ പുഷ്കരിണീഷു പാതും
മാര്‍ഗ്ഗേ കരീന്ദ്രഃ കരശീകരേണ
പ്രിയാമസാവുക്ഷതി താപഖിന്നാം

അസൗ (അദശ്ശബ്ദം പു പ്ര ഏ) ഈ
കരീന്ദ്രഃ (അ പു പ്ര ഏ)
കാന്താരമഹീഷു (ഈ സ്ത്രീ സ ബ ) കാന്താരമഹികളില്‍ - വനഭൂമികളില്‍
വിഹൃത്യ (ല്യ അ) വിഹരിച്ചിട്ട്‌
പുഷ്കരിണീഷു (ഈ സ്ത്രീ സ ബ) പുഷ്കരിണികളില്‍ - താമരപ്പൊയ്കകളില്‍
അപഃ (പ സ്ത്രീ ദ്വി ബ) അപ്പുകളെ - ജലത്തെ
പാതും (തുമുന്‍ അ) കുടിക്കുവാന്‍
വേഗാല്‍ (അ പു പ ഏ) വേഗത്തില്‍
വ്രജന്‍ (ത പു പ്ര ഏ) വ്രജന്നായിട്ട്‌ - പോയിട്ട്‌
മാര്‍ഗ്ഗേ (അ പു സ ഏ) മാര്‍ഗ്ഗത്തില്‍- വഴിയില്‍
താപഖിന്നാം (ആ സ്ത്രീ ദ്വി ഏ) താപഖിന്നയായ - ചൂടുകൊണ്ട്‌ തളര്‍ന്ന
പ്രിയാം (ആ സ്ത്രീ ദ്വി ഏ) പ്രിയയെ
കരശീകരേണ (അ പു തൃ ഏ) കരശീകരം കൊണ്ട്‌ - തുമ്പിക്കയ്യില്‍ നിന്നു വരുന്ന വെള്ളം കൊണ്ട്‌
ഉക്ഷതി (ലട്‌ പ പ്രപു ഏ) ഉക്ഷിക്കുന്നു - തളിക്കുന്നു

ആ ഗജേന്ദ്രന്‍ വനഭൂമികളില്‍ വിഹരിച്ചിട്ട്‌ താമരപ്പൊയ്കയിലെ ജലം കുടിക്കുന്നതിനായി പോയിട്ട്‌ വഴിമദ്ധ്യത്തില്‍ ചൂടുകൊണ്ട്‌ തളര്‍ന്ന പ്രിയയെ തുമ്പിക്കയ്യില്‍ നിന്നുള്ള വെള്ളം തളിക്കുന്നു

49
തപ്താനി ഭാസാ തപനസ്യ ഹംസാഃ
വിഹായ വാരീണി നഖംപചാനി
പത്രേഷു വിന്യസ്യ പദാനി മന്ദം
പത്മാകരേ സമ്പ്രതി പര്യടന്തി

സമ്പ്രതി (അ) ഇപ്പോള്‍
ഹംസാഃ (അ പു പ്ര ബ) ഹംസങ്ങള്‍
തപനസ്യ (അ പു ഷ ഏ) തപനന്റെ - സൂര്യന്റെ
ഭാസാ (സ സ്ത്രീ തൃ ഏ) ഭാസിനാല്‍ - തേജസ്സിനാല്‍
തപ്താനി (അ ന ദ്വി ബ) തപ്തങ്ങളായി - ചൂടാക്കപ്പെട്ട്‌
നഖംപചാനി (അ ന ദ്വി ബ) നഖങ്ങളെ വേവിക്കുന്ന
വാരീണി (ഇ ന ദ്വി ബ) വാരികളെ - ജലത്തെ
വിഹായ (ല്യ അ) ഉപേക്ഷിച്ചിട്ട്‌
പത്മാകരേ (അ പു സ ഏ) പത്മാകരത്തില്‍ - താമരപ്പൊയ്കയില്‍
പത്രേഷു (അ ന സ ബ) പത്രങ്ങളില്‍ - ഇലകളില്‍
പദാനി (അ ന ദ്വി ബ) പദങ്ങളെ - കാലുകളെ
വിന്യസ്യ (ല്യ അ) വിന്യസിച്ചിട്ട്‌
മന്ദം, (ക്രി വി) മന്ദമായി
പര്യടന്തി (ലട്‌ പ പ്രപു ബ) പര്യടനം ചെയ്യുന്നു

ഇപ്പോള്‍ അരയന്നങ്ങള്‍ സൂര്യന്റെ ചൂടു കൊണ്ട്‌ നഖങ്ങളെ വേവിക്കുന്നതായ ചൂടുള്ള വെള്‍ലത്തെ ഉപേക്ഷിച്ച്‌ താമരപ്പൊയ്കയിലെ താമരയിലകളില്‍ കാല്‍ വച്ച്‌ മന്ദം മന്ദം നടക്കുന്നു

50
നിഗൂഢമീനഗ്രഹണാഭിസന്ധിം
കൃഛ്രേണ മുക്ത്വാ കപടാസികാം ത്വാം
അമീ ബകോടാസ്തപനാംശുതാപാല്‍
തടീനികുഞ്ജം തരസാ വിശന്തി

അമീ (അദശ്ശബ്ദം പു പ്ര ബ) ഈ
ബകോടാ (അ പു പ്ര ബ) ബകോടങ്ങള്‍ - കൊറ്റികള്‍
നിഗൂഢമീനഗ്രഹണാഭിസന്ധിം (ഇ സ്ത്രീ ദ്വി ഏ) മറഞ്ഞിരുന്ന് മീന്‍ പിടിക്കാനുള്ള നിശ്ചയത്തെ
സ്വാം (ആ സ്ത്രീ ദ്വി ഏ) സ്വന്തമായ
കപടാസികാം (ആ സ്ത്രീ ദ്വി ഏ) കപടാസികയെ - വ്യാജമായ അവസ്ഥയെ - കള്ളസന്യാസിസ്വഭാവത്തെ
കൃഛ്രേണ (അ ന തൃ ഏ) പണിപ്പെട്ട്‌
മുക്ത്വാ (ക്ത്വാ അ) മോചിപ്പിച്ചിട്ട്‌
തപനാംശുതാപാല്‍ (അ പു പ ഏ) തപനാംശുതാപം ഹേതുവായി - സൂര്യന്റെ ചൂടു കാരണം
തരസാ (സ ന തൃ ഏ) വേഗം
തടീനികുഞ്ജം (അ പു ദ്വി ഏ) തടീനികുഞ്ജത്തെ - നദീതീരത്തുള്ള വള്ളിക്കുടിലിനെ
വിശന്തി (ലട്‌ പ പ്രപു ഏ) വേശിക്കുന്നു - പ്രവേശിക്കുന്നു

ഈ കൊറ്റികള്‍ ഒളിച്ചിരുന്ന് മീന്‍ പിടിക്കുന്ന തങ്ങളുടെ കപടസ്വഭാവത്തെ പ്രയാസപ്പെട്ട്‌ ഒഴിവാക്കിയിട്ട്‌ വെയിലിന്റെ ചൂടുകാരണം നദീതീരത്തുള്ള വള്ളികുടിലില്‍ പ്രവേശിച്ചു

51

തദേഹി യാമസ്തരുഷണ്ഡമേതല്‍
ഘര്‍മ്മാകുലം ഗോകുലമാനയാമഃ
അത്രൈവ വിശ്രമ്യ മുഹൂര്‍ത്തമാത്രം
ഭൂയോപി ഗാവഃ പ്രചരന്ത്വരണ്യേ

തല്‍ (അ) അതിനാല്‍
ഏഹി (ലോട്‌ പ മപു ഏ) വന്നാലും
വയം (അസ്മഛബ്ദം പ്ര ബ) ഞങ്ങള്‍
യാമഃ (ലട്‌ പ ഉപു ബ) പോകുന്നു
ഘര്‍മ്മാകുലം (അ ന ദ്വി ഏ) വിയര്‍പ്പു കൊണ്ട്‌ വിവശമായിരിക്കുന്ന
ഗോകുലം (അ ന ദ്വി ഏ) ഗോക്കളുടെ കൂട്ടത്തെ
ഏതല്‍ (ഏതഛബ്ദം ന ദ്വി ഏ) ഈ
തരുഷണ്ഡം (അ ന ദ്വി ഏ) തരുഷണ്ഡത്തെ - വൃക്ഷക്കൂട്ടത്തിലേക്ക്‌
ആനയാമ (ലറ്റ്‌ പ ഉപു ബ) പ്രാപിപ്പിക്കുന്നു
ഗാവഃ (ഓ സ്ത്രീ പ്ര ബ) പശുക്കള്‍
അത്ര (അ) അവിടെ
ഏവ (അ) തന്നെ
മുഹൂര്‍ത്തമാത്രം (അ ന ദ്വി ഏ) മുഹൂര്‍ത്തനേരം
വിശ്രമ്യ (ല്യ അ) വിശ്രമിച്ചിട്ട്‌
ഭൂയഃ അപി (അ) വീണ്ടും
അരണ്യേ (അ ന സ ഏ) അരണ്യത്തില്‍ - കാട്ടില്‍
പ്രചരന്തു (ലോട്‌ പ പ്രപു ബ) പ്രചരിക്കട്ടെ

അതുകൊണ്ട്‌ നീ വന്നാലും ഞങ്ങള്‍ വിയര്‍പ്പു കൊണ്ടു വലഞ്ഞിരിക്കുന്ന പശുക്കളെ ഈ വൃക്ഷത്തണലിലേക്കു കൊണ്ടുവരാന്‍ പോകുന്നു അവ ഇവിടെ അല്‍പം നേരം വിശ്രമിച്കിട്ട്‌ വീണ്ടും കാട്ടിലേക്കു മേയാന്‍ പോകട്ടെ

52

ഇതീരിതം തല്‍സമയാനുരൂപം
വാക്യം സമാകര്‍ണ്ണ്യ ഹലായുധസ്യ
ആര്യോ യഥാജ്ഞാപയതീതി കൃഷ്ണഃ
തം രാമമുക്ത്വാ തരുഷണ്ഡമാപ

ഇതി (അ) ഇപ്രകാരം
ഈരിതം (അ ന ദ്വി ഏ) ഈരിതമായി - പറഞ്ഞ്‌
സമയാനുരൂപം (അ ന ദ്വി ഏ) സമയാനുരൂപമായിരിക്കുന്ന

തല്‍ (തച്ചബ്ദം ന ദ്വി ഏ) ആ
ഹലായുധസ്യ (അ പു ഷ ഏ) ഹലായുധന്റെ - ബലരാമന്റെ
വാക്യം (അ ന ദ്വി ഏ) വാക്കിനെ
സമാകര്‍ണ്ണ്യ (ല്യ അ) കേട്ടിട്ട്‌
കൃഷ്ണഃ (അ പു പ്ര ഏ) കൃഷ്ണന്‍
ആര്യഃ (അ പു പ്ര ഏ) ആര്യന്‍
യഥാ (അ) യാതൊരുപ്രകാരം
ആജ്ഞാപയതി ( ലട്‌ പ പ്രപു ഏ) ആജ്ഞാപിക്കുന്നു
ഇതി (അ) എന്ന്
തം (തഛ പു ദ്വി ഏ) ആ
രാമം (അ പു ദ്വി ഏ) രാമനോട്‌
ഉക്ത്വാ (ക്ത്വാ അ) പറഞ്ഞിട്ട്‌
തരുഷണ്ഡം (അ ന ദ്വി ഏ) തരുഷണ്ഡത്തെ
ആപ (ലിട്‌ പ പ്രപു ഏ) പ്രാപിച്ചു

ഇപ്രകാരം പറയപ്പെട്ട ബലരാമന്റെ സമയോചിതമായ വാക്കുകള്‍ കേട്ട്‌ ഏട്ടന്‍ പറയുന്നതുപോലെ ആകട്ടെ എന്നു പറഞ്ഞിട്ട്‌ കൃഷ്ണന്‍ ആ വൃക്ഷമൂലത്തില്‍ എത്തി

53
അലബ്ധമാര്‍ത്താണ്ഡകരപ്രവേശം
ആരാമകല്‍പം തരുഷണ്ഡമേത്യ
ആനേതുകാമസ്സഗവാംകുലം തല്‍
ആസജ്ജയാമാസ മുഖേന വേണും

അലബ്ധമാര്‍ത്താണ്ഡകരപ്രവേശം (അ ന ദ്വി ഏ) സൂര്യകിരണങ്ങള്‍ കടക്കാത്ത
ആരാമകല്‍പം (അ ന ദ്വി ഏ) ആരാമകല്‍പമായിരിക്കുന്ന - ഉദ്യാനതുല്യമായ
തരുഷണ്ഡം (അ ന ദ്വി ഏ) വൃക്ഷക്കൂട്ടത്തെ
ഏത്യ (ല്യ അ) പ്രാപിച്ചിട്ട്‌
ഗവാം (ഓ സ്ത്രീ ഷ ബ) ഗോക്കളുടെ
തല്‍ (തച്ഛ്‌ ന ദ്വി ഏ) ആ
കുലം (അ ന ദ്വി ഏ) കുലത്തെ
ആനേതുകാമഃ (അ പു പ്ര ഏ) ആനേതുകാമനായി -കൊണ്ടുവരുവാന്‍ ഇച്ഛിക്കുന്നവനായി
മുഖേന (അ ന തൃ ഏ) മുഖം കൊണ്ട്‌
വേണും (ഉ പു ദ്വി ഏ) വേണുവിനെ
ആസജ്ജയാമാസ (ലിട്‌ പ പ്രപു ഏ) ആസജ്ജിപ്പിച്ചു - തയ്യാറാക്കി- (ആരംഭിച്ചു)


സൂര്യരശ്മികള്‍ കടക്കാത്ത ആ വൃക്ഷമൂലത്തില്‍ എത്തിയിട്ട്‌ പശുക്കളെ വിളിക്കുവാനായിശ്രീകൃഷ്ണന്‍ ഓടക്കുഴല്‍ ഊതുവാന്‍ ആരംഭിച്ചു

54

സലീലമീഷല്‍പരിവൃത്തപാദം
സവിഭ്രമോദഞ്ചിത സവ്യനേത്രം
കൃഷ്ണസ്യ വംശാര്‍പ്പിതപാടലോഷ്ഠം
വീക്ഷ്യ സ്ഥിതം വിസ്മയമാപ ലോകഃ

ലോകഃ (അ പു പ്ര ഏ) ലോകം - ജനം
സലീലം (ക്രി വി) സലീലമാകും വണ്ണം
ഈഷല്‍പരിവൃത്തപാദം (അ ന ദ്വി ഏ) കുറച്ചൊന്നു വളച്ചു വച്ച പാദങ്ങളോടു കൂടി
സവിഭ്രമോദഞ്ചിതസവ്യനേത്രം (അ ന ദ്വി ഏ) വിഭ്രമത്തോടുകൂടി -കളിയായി, ഉദഞ്ചിതമായ - ഉയര്‍ത്തിയ, സവ്യനേത്രം - ഇടത്തെ കണ്ണോടു കൂടിയ
വംശാര്‍പ്പിതപാടലോഷ്ഠം (അ ന ദ്വി ഏ) വംശത്തില്‍ - ഓടക്കുഴലില്‍, അര്‍പ്പിതമായ പാടലമായ -ഇളംചുവപ്പുള്ള, ഓഷ്ഠം ചുണ്ടുകള്‍
കൃഷ്ണസ്യ (അ പു ഷ ഏ) കൃഷ്ണന്റെ
സ്ഥിതം (അ ന ദ്വി ഏ) സ്ഥിതത്തെ - നില്‍പ്പിനെ
വീക്ഷ്യ (ല്യ അ) കണ്ടിട്ട്‌
വിസ്മയം (അ പു ദ്വി ഏ) വിസ്മയത്തെ
ആപ (ലിട്‌ പ പ്രപു ഏ) പ്രാപിച്ചു.

കാലുകള്‍ കുറഞ്ഞൊന്നു വളച്ചു വച്ച്‌ ഇടത്തെ കണ്ണ്‍ അല്‍പം ഉയര്‍ത്തി ഇളം ചുവപ്പു ചുണ്ട്‌ ഓടക്കുഴലില്‍ വച്ചു നില്‍ക്കുന്ന കൃഷ്ണനെ ജനം ആശ്ചര്യത്തോടു കൂടി നോക്കിക്കണ്ടു.

55
തത്ര സ്ഥിതം താമരസായതാക്ഷം
താപിഞ്ഛവര്‍ണ്ണം ശിഖിപിഞ്ഛചൂഡം
തമേവ പശ്യന്നനിമേഷതായാഃ
ഫലം പ്രപേദേ സുരസിദ്ധസംഘഃ

തത്ര (അ) അവിടെ
സ്ഥിതം (അ പു ദ്വി ഏ) സ്ഥിതനായ - നില്‍ക്കുന്ന
താമരസായതാക്ഷം (അ പു ദ്വി ഏ) താമരസം പോലെ - താമരപ്പൂ പോലെ, ആയതാക്ഷനായ നീണ്ട കണ്ണുകളുള്ള
താപിഞ്ഛവര്‍ണ്ണം (അ പു ദ്വി ഏ) പച്ചിലമരത്തിന്റെ വര്‍ണ്ണമുള്ള
ശിഖിപിഞ്ഛചൂഡം (അ പു ദ്വി ഏ) ചൂഡയില്‍ - കുടുമയില്‍ ശിഖിപിഞ്ഛം - മയില്‍പീലി ഉള്ള

തം ( തഛ പു ദ്വി ഏ) അവനെ
ഏവ (അ) തന്നെ
പശ്യന്‍ (ത പു പ്ര ഏ) പശ്യത്തായിട്ട്‌ - കണ്ടിട്ട്‌
സുരസിദ്ധസംഘഃ (അ പു പ്ര ഏ)സുരസിദ്ധസംഘം സുരന്മാരും സിദ്ധന്മാരും
അനിമേഷതായാഃ ( ആ സ്ത്രീ ഷ ഏ) അനിമേഷതയുടെ - കണ്ണ്‍ അടയ്ക്കാതിരിക്കുന്നതിന്റെ
ഫലം (അ ന ദ്വി ഏ) ഫലത്തെ
പ്രപേദേ (ലിട്‌ ആ പ്ര പു ഏ) പ്രപദിച്ചു

താമരപ്പൂവുപോലെ നീണ്ടകണ്ണുകളുള്ളവനും മുടിയില്‍ മയില്‍പീലി ചൂടിയവനുമായ ആ കൃഷ്ണന്റെ ആ നില്‍പ്പു കണ്ടിട്ട്‌ കണ്ണ്‍ അടയ്ക്കുന്ന സ്വഭാവം ഇല്ലാത്തതിന്റെ ഫലം സുരന്മാരൗം സിദ്ധന്മാരും അനുഭവിച്ചു. അവര്‍ക്കു തുടര്‍ച്ചയായി നോക്കി ക്കാണാന്‍ കഴിഞ്ഞു.

56
സ്ഥിതസ്ത്രിഭംഗ്യാ വിവരേഷു വേണോഃ
വ്യാപാരയന്നംഗുലിപല്ലവാനി
ജഗത്‌ത്രയീമോഹവിധാനദക്ഷം
ഉത്ഥാപയാമാസ സ നാദമുച്ചൈഃ

ത്രിഭംഗ്യാ (ഈ സ്ത്രീ തൃ ഏ) ത്രിഭംഗിയോടുകൂടി - ( ത്രിഭംഗി - മൂന്നു ഭംഗങ്ങളുടെ കൂട്ടം . ഭംഗങ്ങള്‍ വളവുകള്‍ - അതായത്‌ കഴുത്ത്‌ കാല്‍മുട്ട്‌, അരക്കെട്ട്‌ ഈ മൂന്നു ഭാഗങ്ങളില്‍ അല്‍പം വളവോടുകൂടിയുള്ള നില്‍പ്‌)

സ്ഥിതഃ (അ പു പ്ര ഏ) സ്ഥിതനായ - നില്‍ക്കുന്ന
സഃ (തച്ഛബ്ദം പു പ്ര ഏ) അവന്‍
വേണോഃ (ഉ പു ഷ ഏ) വേണുവിന്റെ
വിവരേഷു (അ ന സ ബ) വിവരങ്ങളില്‍ - ദ്വാരങ്ങളില്‍
അംഗുലിപല്ലവാനി (അ ന ദ്വി ബ) അംഗുലിപല്ലവങ്ങള്‍ - തളിര്‍വിരലുകള്‍
വ്യാപാരയന്‍ ( ത പു പ്ര ഏ) വ്യാപാരയന്നായി - പ്രവര്‍ത്തിപ്പിക്കുന്നവനായിട്ട്‌
ജഗത്‌ത്രയീമോഹവിധാനദക്ഷം (അ പു ദ്വി ഏ) മൂന്നു ലോകങ്ങള്‍ക്കും ആനന്ദമൂര്‍ച്ഛ ഉണ്ടാക്കാന്‍ കഴിവുള്ള
ഉച്ചൈഃ (അ) ഉച്ചൈസ്സായ - ഉച്ചമായ
നാദം (അ പു ദ്വി ഏ) നാദത്തെ
ഉത്ഥാപയാമാസ (ലിട്‌ പ പ്രപു ഏ) ഉത്ഥാപിച്ചു - പുറപ്പെടുവിച്ചു

കാല്‍മുട്ടും അരക്കെട്ടും കഴുത്തും അല്‍പമല്‍പം വളച്ച്‌ നിന്ന് തന്റെ തളിര്‍വിരളുകള്‍ ഓടക്കുഴലിന്റെ ദ്വാരങ്ങളില്‍ പ്രവര്‍ത്തിപ്പിച്ച്‌ മൂന്നു ലോകങ്ങളെയുന്‍ ആനന്ദമൂര്‍ച്ചയില്‍ എത്തിക്കുവാന്‍ സമര്‍ത്ഥമായ നാദം അവന്‍ പുറപ്പെടുവിച്ചു
57
അഥോത്ഥിതാനന്ദനിമീലിതാക്ഷ്യഃ
വിലൂനദൂര്‍വാങ്കുരലാഞ്ഛിതാസ്യാഃ
ഗാവസ്തദഭ്യാശമുപേത്യ തസ്ഥുഃ
നിസ്പന്ദദേഹോനിഭൃതൈശ്രവോഭിഃ

അഥ (അ) അനന്തരം
ഗാവഃ (ഓ സ്ത്രീ പ്ര ബ) പശുക്കള്‍
ഉത്ഥിതാനന്ദനിമീലിതാക്ഷ്യഃ (ഈ സ്ത്രീ പ്ര ബ) ഉണ്ടായ സന്തോഷത്താല്‍ നിമീലിതങ്ങളായ - ചിമ്മുന്ന കണ്ണുകളൊടു കൂടിയവരായി
വിലൂനദൂര്‍വാങ്കുരലാഞ്ഛിതാസ്യാഃ ( ആ സ്ത്രീ പ്ര ബ) ചവച്ച്‌ മുറിഞ്ഞ കറുകപ്പുല്ലിന്റെ മുളകളാല്‍ അടയാളപ്പെടുത്തപ്പെട്ട മുഖങ്ങളോടു കൂടിയവരായി
തദഭ്യാശം (അ ന ദ്വി ഏ) അവന്റെ സമീപത്തെ
ഉപേത്യ (ല്യ അ) പ്രാപിച്ചിട്ട്‌
നിസ്പന്ദദേഹാഃ (ആ സ്ത്രീ പ്ര ബ) ചലനമില്ലാത്ത ശരീരത്തോടുകൂടി
നിഭൃതൈഃ ( അ ന തൃ ബ) നിശ്ചലങ്ങളായ
ശ്രവോഭിഃ (സ ന തൃ ബ) ചെവികളോടു കൂടി
ഉപലക്ഷിതാഃ (ആ സ്ത്രീ പ്ര ബ) ഉപലക്ഷിതകളായി
തസ്ഥുഃ (ലിട്‌ പ പ്രപു ബ) സ്ഥിതി ചെയ്തു

പശുക്കള്‍ കൃഷ്ണന്റെ വേണുബ്ഗാനം കേട്ടുണ്ടായ സന്തോഷത്താല്‍ ചിമ്മുന്ന കണ്ണൂകളോടും, കറൂകപ്പുല്ലിന്റെ നാമ്പുകളാല്‍ അടയാളപ്പെട്ട മുഖത്തോടും , നിശ്ചലങ്ങളായ ചെവികളോടും കൂടി അനങ്ങാതെ നിന്നു

58
നൈസര്‍ഗ്ഗികം വൈരമപത്യസംഗഃ
തൃഷ്ണാ ബുഭുക്ഷാ കുസുമായുധശ്ച
തദ്വേണുനാദശ്രുതിതല്‍പരാണാം
നാലം വിധാതും വികൃതിം തിരശ്ചാം

നൈസര്‍ഗ്ഗികം (അ ന പ്ര ഏ) നൈസര്‍ഗ്ഗികമായ
വൈരം (അ ന പ്ര ഏ) വൈരവും
അപത്യസംഗഃ (അ പു പ്ര ഏ) അപത്യസംഗവും
തൃഷ്ണാ (ആ സ്ത്രീ പ്ര ഏ) തൃഷ്ണയും
ബുഭുക്ഷാഃ (ആ സ്ത്രീ പ്ര ഏ) ബുഭുക്ഷയും
കുസുമായുധഃ (അ പു പ്ര ഏ) കുസുമായുധവും
ച (അ)
തദ്വേണുനാദശ്രുതിതല്‍പരാണാം (അ പു ഷ ബ) ആ വേണുനാദം കേള്‍ക്കുന്നതില്‍ തല്‍പരരായ
തിരശ്ചാം (ച പു ഷ ബ) തിര്യക്കുകള്‍ക്ക്‌
വികൃതിം (ഈ സ്ത്രീ ദ്വി ഏ) വികൃതിയെ
വിധാതും (തുമുന്‍ അ) ചെയ്യാന്‍
ന അലം (അ) ബഭൂവു (ലിട്‌ പ പ്ര പു ബ) ശക്തങ്ങളായി ഭവിച്ചില്ല

സ്വാഭാവികമായ ശത്രുത, പുത്രസ്നേഹം , ദാഹം വിശപ്പ്‌ , മൈഥുനേഛ തുടങ്ങിയ വികാരങ്ങളൊന്നും ശ്രീകൃഷ്ണന്റെ വേണുനാദം കേള്‍ക്കുന്നതില്‍ ബദ്ധശ്രദ്ധരായ പശുക്കളെ അതില്‍ നിന്നും വ്യതിചലിപ്പിക്കുന്നതിന്‌ സമര്‍ഥമായില്ല

59

തസ്മിന്‍ മനോഹാരിണീ ചക്രപാണേ
വനാന്തരേ മൂര്‍ഛതിവംശനാദേ
വിധീയമാനം പരിഹൃത്യ കര്‍മ്മ
സര്‍വേപി സത്വാ ലിഖിതാ ഇവാസന്‍

ചക്രപാണേ (ഇ പു ഷ ഏ) ചക്രപാണിയുടെ
തസ്മിന്‍ (തച്ഛ പു സ ഏ) ആ
മനോഹാരിണി (ന പു സ ഏ) മനോഹരമായ
വംശനാദേ (അ പു സ ഏ) വേണുനാദം
വനാന്തരേ (അ ന സ ഏ) വനാന്തരങ്ങളില്‍
മൂര്‍ച്ഛതി ( ത പു സ ഏ) മൂര്‍ച്ഛത്തായിരിക്കുമ്പോള്‍
സര്‍വേ സത്വാഃ (അ പു പ്ര ബ) എല്ലാ ജീവജാലങ്ങളും
അപി (അ)
വിധീയമാനം (അ ന ദ്വി ഏ) അവരവര്‍ ചെയ്തു കൊണ്ടിരുന്ന
കര്‍മ്മ (ന ന ദ്വി ഏ) ജോലിയെ
പരിഹൃത്യ (ല്യ അ) ഉപേക്ഷിച്ചിട്ട്‌
ലിഖിതാഃ (അ പു പ്ര ബ) ചിത്രത്തില്‍
ഇവ (അ) എന്നപോലെ
ആസന്‍ (ലങ്ങ്‌ പ പ്രപു ബ) ഭവിച്ചു

ശ്രീകൃഷ്ണന്റെ മനോഹരമായ ആ ഓടക്കുഴല്‍വായന കാട്ടില്‍ മുഴങ്ങിയപ്പോള്‍ സകലജന്തുക്കളും തങ്ങള്‍ ചെയ്തുകൊണ്ടിരുന്ന ജോലികള്‍ നിര്‍ത്തി കാന്‍വാസില്‍ എഴുതിയ ചിത്രങ്ങളെ പോലെ നിലകൊണ്ടു

60

പ്രവൃത്തമാത്രൗ വനപത്മിനീഷു
ദാതും ഗൃഹീതും ച മൃണാളഭംഗം
ചക്രാഹ്വയസ്തദ്ഗൃഹമേധിനീ ച
പ്രസാര്യ ചഞ്ചു പരമാസിഷാതാം

വനപത്മിനീഷു (ഈ സ്ത്രീ സ ബ) വനപത്മിനികളില്‍ - കാട്ടിനുള്ളിലെ താമരപ്പൊയ്കകളില്‍
ചക്രാഹ്വയഃ (അ പു പ്ര ഏ) ചക്രവാകപ്പക്ഷിയും
തദ്ഗൃഹമേധിനീ (ഈ സ്ത്രീ പ്ര ഏ) അതിന്റെ ഭാര്യയും
ച (അ)
മൃണാളഭംഗം (അ പു ദ്വി ഏ) മൃണാളഭംഗത്തെ - താമരവളയത്തിന്റെ കഷണത്തെ
ദാതും (തുമുന്‍ അ) കൊടുക്കാനും
ഗൃഹീതും (തുമുന്‍ അ) സ്വീകരിക്കുവാനും
ച (അ)
പ്രവൃത്തമാത്രൗ ( അ പു പ്ര ദ്വി) പ്രവൃത്തമാത്രന്മാരായി - ആരംഭിച്ചവര്‍ മാത്രമായി
ചഞ്ചൂ (ഉ സ്ത്രീ ദ്വി ദ്വി) കൊക്കുകളെ
പ്രസാര്യ (ല്യ അ) നീട്ടി
പരം (അ) തന്നെ
ആസിഷാതാം (ലുങ്ങ്‌ ആ പ്രപു ദ്വി) ഇരുന്നു

കാട്ടിനുള്ളിലെ താമരപ്പൊയ്കകളില്‍ ചക്രവാകപ്പക്ഷിയും അതിന്റെ ഭാര്യയും താമരവളയം അങ്ങോട്ടുമിങ്ങോട്ടും കൊടുക്കുന്നതിനും വാങ്ങുന്നതിനും തുറ്റങ്ങി കൊക്കുകള്‍ നീട്ടിയിട്ട്‌ അതേപൊലേ തന്നെ നിന്നുപോയി

61

ഉപാവിശന്നുജ്ഝിതചാപലാനി
സ്വജാനുവിന്യസ്തകരാനനാനി
നിഷ്പന്ദദൃഷ്ടീനി വനദ്രുമാണാം
ശാഖാസു ശാഖാമൃഗമണ്ഡലാനി

ശാഖാമൃഗമണ്ഡലാനി (അ ന പ്ര ബ) കുരങ്ങിന്റെ കൂട്ടങ്ങള്‍
വനദ്രുമാണാം (അ പു ഷ ബ) വനവൃക്ഷങ്ങളുടെ
ശാഖാസു (ആ സ്ത്രീ സ ബ) ശാഖകളില്‍
ഉജ്ഝിതചാപലാനി (അ ന പ്ര ബ) ചാപല്യങ്ങളെ ഉപേക്ഷിച്ചവരായി
സ്വജാനുവിന്യസ്തകരാനനാനി (അ ന പ്ര ബ) കയ്യും മുഖവും തങ്ങളുടെ മുട്ടുകളില്‍ വച്ചവരായി
നിഷ്പന്ദദൃഷ്ടീനി (ഇ ന പ്ര ബ) ഇളക്കമില്ലാത്ത കണ്ണുകളോടു കൂടിയവരായി
ഉപാവിശന്‍ (ലങ്ങ്‌ പ പ്രപു ബ) ഇരുന്നു
കുരങ്ങുകള്‍ മരക്കൊമ്പുകളില്‍ ചാപല്യങ്ങള്‍ വെടിഞ്ഞ്‌, തങ്ങളുടെ കാല്‍മുട്ടുകളില്‍ ചേര്‍ത്ത മുഖവും കൈകളുമായി കണ്ണിമയ്ക്കാതെ ഇരുന്നു

62
പദ്ഭ്യാമവഷ്ടഭ്യ മഹീമുഭാഭ്യാം
സദ്യസ്സമുത്തംഭിതപൂര്‍വകായഃ
സിംഹഃ കരീന്ദ്രാക്രമണെ പ്രവൃത്തഃ
തസ്ഥൗ തഥാ കൃത്രിമസിംഹകല്‍പഃ

ഉഭാഭ്യാം (അ പു സംഖ്യാ-തൃ ദ്വി) രണ്ട്‌
പദ്ഭ്യാം (അ പു തൃ ദ്വി) പദങ്ങള്‍ കൊണ്ട്‌
മഹീം (ഈ സ്ത്രീ ദ്വി ഏ) മഹിയെ - ഭൂമിയെ
അവഷ്ടഭ്യ (ല്യ അ) അവഷ്ടംഭിച്ചിട്ട്‌ - അവലംബിച്ചിട്ട്‌
സദ്യഃ (അ) പെട്ടെന്ന്
സമുത്തംഭിതപൂര്‍വകായഃ (അ പു പ്ര ഏ) വേണ്ടവിധത്തില്‍ ഉയര്‍ത്തിയ പൂര്‍വകായ (ശരീരത്തിന്റെ മുന്‍പകുതി)ത്തോടുകൂടി
കരീന്ദ്രാക്രമണെ (അ ന സ ഏ) കരീന്ദ്രാക്രമണത്തില്‍ - ആനയെ അക്രമിക്കുന്നതില്‍
പ്രവൃത്തഃ (അ പു പ്ര ഏ) പ്രവൃത്തമായിരിക്കുന്ന
സിംഹഃ (അ പു പ്ര ഏ) സിംഹം
തഥാ (അ) അപ്രകാരം
കൃത്രിമസിംഹകല്‍പഃ (അ പു പ്ര ഏ) കൃത്രിമമായ സിംഹം എന്നപോലെ - പ്രതിമ പോലെ
തസ്ഥൗ (ലിട്‌ പ പ്രപു ഏ) സ്ഥിതി ചെയ്തു

പിങ്കാലില്‍ നിന്നു മുങ്കാലുകള്‍ ഉയര്‍ത്തി ആനയുടെ നേരെ ആക്രമണത്തിനൊരുമ്പെട്ട സിംഹം അതെ നിലയില്‍ പ്രതിമ കണക്കെ നിന്നു

63
സിദ്ധാഃ കളത്രാണി ലതാഗൃഹേഷു
സമുദ്യതാഃ പായയിതും മധൂനി
കരദ്വയോദഞ്ചിതരത്നപാത്രാഃ
നിഷേദുരാലേഖ്യമിവ പ്രപന്നാഃ

സിദ്ധാഃ (അ പു പ്ര ബ) സിദ്ധന്മാര്‍
ലതാഗൃഹേഷു (അ ന സ ബ) വള്ളിക്കുടിലുകളില്‍
കളത്രാണി ( അ ന ദ്വി ബ) കളത്രങ്ങളെ - ഭാര്യമാരെ
മധൂനി (ഉ ന ദ്വി ബ) മധുക്കളെ - മദ്യത്തെ
പായയിതും (തുമുന്‍ അ) കുടിപ്പിക്കുവാന്‍
സമുദ്യതാഃ (അ പു പ്ര ബ) സമുദ്യതന്മാരായി - ഒരുങ്ങി
കരദ്വയോദഞ്ചിതരത്നപാത്രാഃ (അ പു പ്ര ബ) കൈകളില്‍ ഉയര്‍ത്തിയ രത്നപാത്രങ്ങളുമായി
ആലേഖ്യം (അ ന ദ്വി ഏ) അലേഖ്യത്തെ - ചിത്രത്തെ
പ്രപന്നാഃ (അ പു പ്ര ബ) പ്രാപിച്ചവര്‍
ഇവ (അ) എന്നപോലെ
നിഷേദുഃ (ലിട്‌ പ പ്രപു ബ) ഇരുന്നു

വള്ളികുടിലുകളില്‍ താമസിക്കുന്ന സിദ്ധന്മാര്‍ തങ്ങളുടെ ഭാര്യമാരെ മധുപാനം ചെയ്യിക്കുവാന്‍ വേണ്ടി കയ്യിലെടുത്തുയര്‍ത്തിയ രത്നപാത്രങ്ങളുമായി ചിത്രത്തിലെഴുതിയതുപോലെ നിലകൊണ്ടു.

64
തദ്വംശനാളാച്ച്യുതമച്യുതസ്യ
ഗേയാമൃതം സാധു നിഷേവ്യ വൃക്ഷാഃ
ചിരം ജരാജര്‍ജ്ജരിതത്വചോപി
ബാലാ ഇവാസന്നവപല്ലവാഢ്യാഃ

വൃക്ഷാഃ (അ പു പ്ര ബ) വൃക്ഷങ്ങള്‍
ചിരം (അ) വളരെക്കാലം
ജരാജര്‍ജ്ജരിതത്വചഃ ( ച പു പ്ര ബ) ജീണ്ണിച്ച തൊലിയോടുകൂടിയവ ആയിരുന്നു
അപി (അ) എങ്കിലും
അച്യുതസ്യ (അ പു ഷ ഏ) അച്യുതന്റെ
വംശനാളാല്‍ (അ പു പ ഏ) വംശനാളത്തില്‍ നിന്ന് - ഓടക്കുഴലില്‍ നിന്ന്‌
ച്യുതം (അ ന ദ്വി ഏ) ച്യുതമായ - പുറത്തുവന്ന - ഒഴുകി എത്തിയ
തല്‍ (തഛബ്ദം ന ദ്വി ഏ) ആ
ഗേയാമൃതം (അ ന ദ്വി ഏ) ഗേയാമൃതത്തെ - ഗാനാമൃതത്തെ
സാധു (ക്രി വി) നല്ലവണ്ണം
നിഷേവ്യ (ല്യ അ) ആസ്വദിച്ചിട്ട്‌
നവപല്ലവാഢ്യാഃ (അ പു പ്ര ബ) പുതിയ തളിരുകളോടു കൂടിയവയായ
ബാലാഃ (അ പു പ്ര ബ) ബാല (വൃക്ഷങ്ങള്‍)
ഇവ (അ) എന്നപോലെ
ആസന്‍ (ലങ്ങ്‌ പ പ്രപു ബ) ഭവിച്ചു

വളരെക്കാലങ്ങളായി ജീര്‍ണ്ണിച്ച തൊലിയോടു കൂടി നിന്ന വൃക്ഷങ്ങള്‍ കൃഷ്ണന്റെ വേണുവില്‍ നിന്നു വന്ന ആ മധുര ഗാനം വേണ്ടവണ്ണം ആസ്വദിച്ച്‌ പുതിയ തളിരുകളോടു കൂടിയ ചെറു ചെടികളെ പോലെ ആയിത്തീര്‍ന്നു

65
നാദേന വേണോര്‍വിവശീകൃതാനാം
വിദ്യാധരാണാം ഗളിതാഃ കരേഭ്യഃ
ഗതിര്‍ഭവാസ്മാകമപീതി നൂനം
വീണാ നിപേതുര്‍മ്മധുവിദ്വിഷോഗ്രേ

വേണോഃ (ഉ പു ഷ ഏ) വേണുവിന്റെ
നാദേന (അ പു തൃ ഏ) നാദത്താല്‍
വിവശീകൃതാനാം ( അ പു ഷ ബ) വിവശരാക്കപ്പെട്ട
വിദ്യാധരാണാം (അ പു ഷ ബ) വിദ്യാധരന്മാരുടെ
കരേഭ്യഃ ((അ പു പ ബ) കരങ്ങളില്‍ നിന്ന്‌
ഗളിതാഃ ( ആ സ്ത്രീ പ്ര ബ) ഗളിതകളായ - വീണുപോയ
വീണാഃ (ആ സ്ത്രീ പ്ര ബ) വീണകള്‍
അസ്മാകം (അസ്മഛബ്ദം ഷ ബ) ഞങ്ങള്‍ക്കും
അപി (അ)
ഗതിഃ (ഇ സ്ത്രീ പ്ര ഏ) ഗതിയായി
ഭവ (ലോട്‌ പ മപു ഏ) ഭവിക്കണമെ
ഇതി , നൂനം (അ) എന്നു തോന്നുമാറ്‌
മധുവിദ്വിഷഃ (ഷ പു ഷ ഏ) മധുവിദ്വിട്ടിന്റെ - കൃഷ്ണന്റെ
അഗ്രേ (അ ന സ ഏ) മുന്നില്‍
നിപേതുഃ ( ലിട്‌ പ പ്രപു ബ) നിപതിച്ചു

വിദ്യാധരന്മാരുടെ കരങ്ങളില്‍ ഇരുന്ന വീണകള്‍ കൃഷ്ണന്റെ ഓടക്കുഴല്‍ ഗാനം കേട്ട്‌ വിവശരായിട്ട്‌ തങ്ങള്‍ക്കും കൃഷ്ണന്‍ ആശ്രയമായി ഭവിക്കണമെ എന്നു പ്രാര്‍ത്ഥിക്കുകയാണൊ എന്നു തോന്നുമാറ്‌ കൃഷ്ണന്റെ മുന്നില്‍ വന്നു വീണു
66
സ്വവേണുനാദേന സജീവലോകം
ഇത്ഥം പരാനന്ദമയം വിധായ
പ്രഭുര്‍ വ്യരംസീദമരാശ്ച സര്‍വേ
സുപ്തോത്ഥിതാനാം സ്ഥിതിമന്വഭൂവന്‍

സഃ (തഛ പു പ്ര ഏ) ആ
പ്രഭുഃ (ഉ പു പ്ര ഏ) പ്രഭു
ഇത്ഥം (അ) ഇപ്രകാരം
സ്വവേണുനാദേന (അ പു തൃ ഏ) സ്വവേണുനാദത്താല്‍
ജീവലോകം (അ പു ദ്വി ഏ) ജീവലോകത്തെ
പരാനന്ദമയം (അ പു ദ്വി ഏ) പരാനന്ദമയം
വിധായ (ല്യ അ) ആക്കിയിട്ട്‌
വ്യരംസീല്‍ (ലുങ്ങ്‌ പ പ്രപു ഏ) വിരമിച്ചു
സര്‍വേ (അ പു പ്ര ബ) എല്ലാ
അമരാഃ (അ പു പ്ര ബ) ദേവന്മാര്‍
ച (അ) ഉം
സുപ്തോത്ഥിതാനാം (അ പു ഷ ബ) ഉറങ്ങി ഉണര്‍ന്നവരുടെ
സ്ഥിതിം (ഇ സ്ത്രീ ദ്വി ഏ) സ്ഥിതിയെ
അന്വഭൂവന്‍ (ലുങ്ങ്‌ പ പ്രപു ബ) അനുഭവിച്ചു

ശ്രീകൃഷ്ണന്‍ തന്റെ വേണുഗാനം കൊണ്ട്‌ സര്‍വജീവലോകത്തെയും ആനന്ദമയമാക്കിതീര്‍ത്തിട്ട്‌ വിരമിച്ചു. ദേവന്മാരെല്ലാം ഉറക്കമുണര്‍ന്നവരുടെ അവസ്ഥയിലെത്തുകയും ചെയ്തു

67
പ്രത്യാഗതേ ചേതസി തേ വിദിത്വാ
പ്രഭൃശ്യ ഹസ്താല്‍ പതിതാ വിപഞ്ചീ:
പുനര്‍ന്ന ചക്രുഃ പ്രതിപന്നലജ്ജാഃ
വിദ്യാധരാസ്തല്‍ഗ്രഹണാഭിലാഷം

തേ (തഛ പു പ്ര ബ) ആ
വിദ്യാധരാഃ (അ പു പ്ര ബ) വിദ്യാധരന്മാര്‍
ചേതസി ( സ ന സ ഏ) ബോധം
പ്രത്യാഗതേ (അ ന സ ഏ) വീണ്ടുകിട്ടിയപ്പോള്‍
ഹസ്താല്‍ (അ പു പ ഏ) കയ്യില്‍ നിന്ന്‌
പ്രഭൃശ്യ (ല്യ അ) പിടിവിട്ട്‌
പതിതാഃ (ആ സ്ത്രീ ദ്വി ബ) വീണുപോയ
വിപഞ്ചീഃ (ഈ സ്ത്രീ ദ്വി ബ) വീണകളെ
വിദിത്വാ (ക്ത്വാ അ) അറിഞ്ഞിട്ട്‌
പ്രതിപന്നലജ്ജാഃ (അ പു പ്ര ബ) ലജ്ജയുള്ളവരായിത്തീര്‍ന്ന്
പുനഃ (അ) പിന്നീട്‌
തദ്ഗ്രഹണാഭിലാഷം (അ പു ദ്വി ഏ) അവ എടുക്കാനുള്ള ആഗ്രഹത്തെ
ന (അ) ചക്രു (ലിട്‌ പ പ്രപു ബ) ചെയ്തില്ല

ശ്രീകൃഷ്ണന്റെ വേണുഗാനം കേട്ട വിദ്യാധരന്മാര്‍ തങ്ങളുടെ ക്യ്യില്‍ നിന്നും വീണുപോയ വീണകളെ എടുക്കുവാന്‍ തുനിഞ്ഞില്ല - അത്ര ലജ്ജിതരായിപോയി

സംസ്കൃതത്തിൽ അന്വയിക്കുന്ന രീതി വളരെ പ്രധാനപ്പെട്ടതാണ്. അന്വയം ശരിയായാലെ അർത്ഥം ശരിയാകൂ.

ഈ ശ്ലോകത്തിൽ "പ്രത്യാഗതേ ചേതസി " എന്ന രണ്ടു വാക്കുകൾ നോക്കുക അവ രണ്ടും സപ്തമി വിഭക്തിയാണ്
പ്രത്യാഗതമായതിൽ ചേതസ്സിൽ എന്നാണ് ഓരോ വാക്കിന്റെയും അർത്ഥം. പക്ഷെ അന്വയാർത്ഥം എഴുതിയ ഭാഗത്ത് കണ്ടോ?
'ചേതസി' ക്ക് ചേതസ് എന്നേ എഴുതിയിട്ടുള്ളൂ അല്ലെ?

ഇങ്ങനെ രണ്ടു സപ്തമി വാക്കുകളെ ഒരുമിച്ചുപയോഗിക്കുന്നത് സതിസപ്തമി എന്ന പേരിൽ അറിയപ്പെടുന്നു

രണ്ടും കൂട്ടിയുള്ള അർത്ഥം "ചേതസി പ്രത്യാഗതെ സതി" ചേതസ് പ്രത്യാഗതമായപ്പോൾ എന്നായിത്തീരുന്നു
68
മധുവ്രതാനാം ധ്വനിഭിര്‍മ്മനോജ്ഞൈഃ
വാചാലയന്തീ വലയം ദിശാനാം
പ്രസൂനവൃഷ്ടിസ്സുരസിദ്ധമുക്താ
പപാതമൗലൗ പരമസ്യ പുംസഃ

മനോജ്ഞൈഃ (അ പു തൃ ബ) മനോജ്ഞങ്ങളായ
മധുവ്രതാനാം (അ പു, ഷ ബ) വണ്ടുകളുടെ
ധ്വനിഭിഃ (ഇ പു തൃ ബ) ധ്വനികളാല്‍
ദിശാനാം (ആ സ്ത്രീ ഷ ബ) ദിശകളുടെ
വലയം ( അ ന ദ്വി ഏ)വലയത്തെ
വാചാലയന്തീ (ഈ സ്ത്രീ പ്ര ഏ) വാചാലമാക്കുന്ന -മുഖരിതമാക്കുന്ന
സുരസിദ്ധമുക്താ (ആ സ്ത്രീ പ്ര ഏ) സുരന്മാരും സിദ്ധന്മാരും മുക്തമാക്കിയ - വര്‍ഷിച്ച
പ്രസൂനവൃഷ്ടിഃ (ഇ സ്ത്രീ പ്ര ഏ) പുഷ്പവൃഷ്ടി
പരമസ്യ (അ പു ഷ ഏ) പരമനായിരിക്കുന്ന
പുംസഃ (സ പു ഷ ഏ) പുരുഷന്റെ
മൗലൗ (ഇ പു സ ഏ) മൗലിയില്‍
പപാത (ലിട്‌ പ പ്രപു ഏ) പതിച്ചു

മനോഹരങ്ങളായ വണ്ടുകളുടെ ശബ്ദത്താല്‍ ദിക്കുകളെ മുഖരിതമാക്കിക്കൊണ്ട്‌ സുരസിദ്ധന്മാരാല്‍ ചെയ്യപ്പെട്ട പുഷ്പവൃഷ്ടി കൃഷ്ണന്റെ തലയില്‍ പതിച്ചു

69

അവര്‍ഷി കേനായമദൃഷ്ടപൂര്‍വഃ
പ്രസൂനരാശീസ്തവ മൂര്‍ദ്ധനീതി
പൃഷ്ടൊ വിഹസ്യാഥ വിഭുസ്സഹായാന്‍
ജ്ഞാനം ഭവദ്ഭ്യോപി കഥം മമേതി

അദൃഷ്ടപൂര്‍വഃ (അ പു പ്ര ഏ) മുന്‍പു കണ്ടിട്ടില്ലാത്തതായ
അയം (ഇദംശബ്ദം പു പ്ര ഏ) ഈ
പ്രസൂനരാശിഃ (ഇ പു പ്ര ഏ) പുഷ്പസമൂഹം
തവ (യുഷ്മഛ ഷ ഏ) നിന്റെ
മൂര്‍ദ്ധനി (ന പു സ ഏ) മൂര്‍ദ്ധാവില്‍
കേന (കിംശബ്ദം പു തൃ ഏ) ആരാല്‍
അവര്‍ഷി (ലുങ്ങ്‌ ആ പ്രപു ഏ) വര്‍ഷിക്കപ്പെട്ടു
ഇതി (അ) എന്ന്
പൃഷ്ടഃ (അ പു പ്ര ഏ) ചോദിക്കപ്പെട്ട
വിഭുഃ (ഉ പു പ്ര ഏ) ശ്രീകൃഷ്ണന്‍
വിഹസ്യ (ല്യ അ) ചിരിച്ചിട്ട്‌
സഹായാന്‍ (അ പു ദ്വി ബ) കൂട്ടുകാരോട്‌
മമ (അസ്മഛ ഷ ഏ) എനിക്ക്‌
ഭവദ്ഭ്യഃ (ത പു പ ബ), അപി (അ) നിങ്ങളെക്കാളും കൂടൂതല്‍
ജ്ഞാനം (അ ന പ്ര ഏ) അറിവ്‌
കഥം (അ) എങ്ങനെ

(ഭവേത്‌ ഇതി ആഹ ) ഉണ്ടാകും എന്നു ചോദിച്ചു)

70
വിഷഹ്യതാം യാതി വിവസ്വദംശൗ
വിശ്രാന്തമുത്ഥാപ്യ ഗവാം സ പുഞ്ജം
ഭൂയസ്തൃണാശ്യാമളഭൂതലേഷു
പ്രാരബ്ധ സഞ്ചാരയിതും വനേഷു

വിവസ്വദംശൗ (ഉ പു സ ഏ) സൂര്യകിരണങ്ങള്‍
വിഷഹ്യതാം (ആ സ്ത്രീ ദ്വി ഏ) വിഷഹ്യതയെ - സഹിക്കത്തക്ക അവസ്ഥയെ
യാതി (ത പു സ ഏ) പ്രാപിച്ചപ്പോള്‍
സഃ (തഛബ്ദം പു പ്ര ഏ) അവന്‍
വിശ്രാന്തം (അ പു ദ്വി ഏ) വിശ്രമിക്കുന്ന
ഗവാം (ഓ സ്ത്രീ ഷ ബ) പശുക്കളുടെ
പുഞ്ജം (അ പു ദ്വി ഏ) കൂട്ടത്തെ
ഉത്ഥാപ്യ (ല്യ അ) എഴുനേല്‍പ്പിച്ചിട്ട്‌
ഭൂയഃ (അ) വീണ്ടും
തൃണാശ്യാമളഭൂതലേഷു (അ ന സ ബ) പുല്ലുകള്‍ തഴച്ചുവളര്‍ന്നു നില്‍ക്കുന്ന
വനേഷു (അ ന സ ബ) വനങ്ങളില്‍
സഞ്ചാരയിതും (തുമുന്‍ അ) മേയ്ക്കുവാന്‍
പ്രാരബ്ധ (ലുങ്ങ്‌ ആ പ്രപു ഏ) ആരംഭിച്ചു

സൂര്യന്റെ ചൂട്‌ അല്‍പം കുറഞ്ഞ്‌ സഹിക്കത്തക്കവണ്ണമായപ്പോള്‍ അവന്‍ വിശമിക്കുകയായിരുന്ന പശുക്കളുടെ കൂട്ടത്തെ എഴുനേല്‍പ്പിച്ച്‌ പുല്ലുകള്‍ തഴച്ചു വളര്‍ന്നു നില്‍ക്കുന്ന വനപ്രദേശങ്ങളില്‍ വീണ്ടും മേയ്ക്കുവാനായി തുടങ്ങി

71
തതഃ പരിക്ഷീണസഹസ്രഭാനോഃ
അശാമ്യദൂഷ്മാദിവസസ്യ തീവ്രഃ
യഥാ വിനാശോ ധനസഞ്ചയസ്യ
മഹാവലേപോ ധനിനോ ജനസ്യ

തതഃ (അ) അനന്തരം
പരിക്ഷീണസഹസ്രഭാനോഃ (ഉ പു ഷ ഏ) ക്ഷീണിതനായ സൂര്യനോടു കൂടിയ
ദിവസസ്യ (അ പു ഷ ഏ) ദിവസത്തിന്റെ
തീവ്രഃ (അ പു പ്ര ഏ) തീവ്രമായ
ഊഷ്മാ (ന പു പ്ര ഏ) ചൂട്‌
ധനസഞ്ചയസ്യ (അ പു ഷ ഏ)
വിനാശേ (അ പു സ ഏ) നാശത്തില്‍
ധനിനഃ (ന പു ഷ ഏ) പണക്കാരനായ
ജനസ്യ (അ പു ഷ ഏ) ജനത്തിന്റെ
മഹാവലേപഃ (അ പു പ്ര ഏ) അഹംകാരം
ഇവ (അ) എന്നപോലെ
അശാമ്യല്‍ (ലങ്ങ്‌ പ പ്രപു ഏ) ശമിച്ചു

അനന്തരം ശക്തികുറഞ്ഞ സൂര്യനോടു കൂടിയ ദിവസത്തിന്റെ ചൂട്‌ പണനഷ്ടത്തില്‍ ധനികരായ ജനത്തിന്റെ അഹംകാരം എന്നപോലെ കുറഞ്ഞു
72
പ്രഭാകരേ പാടലഭാസി ദൂരം
ദിശം പ്രതീചീമവഗാഹമാനേ
ആലോക്യ രാമഃ പരിണാമമഹ്നോ
ദാമോദരം സാദരമിത്യുവാച

പാടലഭാസി (സ പു സ ഏ) പാടലയായ - ഇളം ചുവപ്പായ , ഭാസ്സോടു കൂടിയ - തേജസ്സോടു കൂടിയ
പ്രഭാകരേ ( അ പു സ ഏ)സൂര്യന്‍
പ്രതീചീം (ഈ സ്ത്രീ ദ്വി ഏ) പ്രതീചിയായ - പടിഞ്ഞാറെ
ദിശം (ശ സ്ത്രീ ദ്വി ഏ) ദിക്കിനെ
അവഗാഹമാനേ (അ പു സ ഏ) പ്രവേശിക്കുന്നവനായിരിക്കുമ്പോള്‍
രാമഃ (അ പു പ്ര ഏ) ബലരാമന്‍
അഹ്നഃ (ന ന ഷ ഏ) അഹസ്സിന്റെ
പരിണാമം (അ പു ദ്വി ഏ) പരിണാമത്തെ
ആലോക്യ (ല്യ അ) കണ്ടിട്ട്‌
ദാമോദരം (അ പു ദ്വി ഏ) ദാമോദരനോട്‌
സാദരം (ക്രി വി) ആദരവാടു കൂടി
ഇതി (അ) ഇപ്രകാരം
ഉവാച (ലിട്‌ പ പ്രപു ഏ) പറഞ്ഞു

ഇളംചുവപ്പു വര്‍ണ്ണത്തോടുകൂടിയ സൂര്യന്‍ പടിഞ്ഞാറെ ദിക്കിലേക്കു പ്രവേശിക്കുന്നതു കണ്ട്‌ സന്ധ്യയാകുന്നതറിഞ്ഞ്‌ ബലരാമന്‍ കൃഷ്ണനോട്‌ ആദരവോടു കൂടി ഇപ്രകാരം പറഞ്ഞു

73

ആവിര്‍ഭവന്മന്ദമരുല്‍പ്രചാരാ
ശാന്താതപാ നിര്‍വൃതസര്‍വസത്വാ
വിരാമവേലാ ദിവസസ്യ ശൗരേ
പ്രവര്‍ത്തതേ പശ്യ മനോഭിരാമാ

ശൗരേ (ഇ പു സം പ്ര ഏ) അല്ലയൊ ശൗരേ
ആവിര്‍ഭവന്മന്ദമരുല്‍പ്രചാരാ
(ആ സ്ത്രീ പ്ര ഏ) മന്ദമാരുതനോടു കൂടിയ
ശാന്താതപാ ( ആ സ്ത്രീ പ്ര ഏ) ചൂടു കുറഞ്ഞ
നിര്‍വൃതസര്‍വസത്വാ ( ആ സ്ത്രീ പ്ര ഏ) എല്ലാ ജീവികളും സുഖമായിരിക്കുന്ന
മനോഭിരാമാ ( ആ സ്ത്രീ പ്ര ഏ) മനോഹരമായ
ദിവസസ്യ (അ പു ഷ ഏ) ദിവസത്തിന്റെ
വിരാമവേലാ ( ആ സ്ത്രീ പ്ര ഏ) അവസാനസമയം - സന്ധ്യാസമയം
പ്രവര്‍ത്തതെ (ലട്‌ പ പ്ര ഏ) പ്രവര്‍ത്തിക്കുന്നു

പശ്യ (ലോട്‌ പ മപു ഏ) കണ്ടാലും

അല്ലയൊ കൃഷ്ണാ ചൂടു കുറഞ്ഞതും മന്ദമാരുതന്‍ വിലസുന്നതും, എല്ലാ ജീവികളും സന്തോഷിക്കുന്നതും ആയ സന്ധ്യയായതു കണ്ടാലും
74
ശിരോഭിരൂഢേന്ധനശാകമൂലാഃ
സ്വയൂഥ്യമുച്ചൈസ്വരമാഹ്വയന്തഃ
വനേചരാ വീക്ഷ്യ വിരാമമഹ്നഃ
സമാരഭന്തെ സഹസൈവ ഗന്തും

വനേചരാഃ (അ പു പ്ര ബ) വനേചരന്മാര്‍ - കാട്ടാളന്മാര്‍
അഹ്നഃ (ന ന പ്ര ഏ) അഹസ്സിന്റെ - ദിവസത്തിന്റെ
വിരാമം (അ പു ദ്വി ഏ) വിരാമത്തെ
വീക്ഷ്യ (ല്യ അ) വീക്ഷിച്ചിട്ട്‌
ശിരോഭിഃ ( സ ന തൃ ബ) ശിരസ്സുകള്‍ കൊണ്ട്‌
ഊഢേന്ധനശാകമൂലാഃ ( അ പു പ്ര ബ) വിറകും ,ഇലകളും കിഴങ്ങുകളും ചുമന്നവരായി

സ്വയൂഥ്യം (അ പു ദ്വി ഏ) തങ്ങളുടെ കൂട്ടരെ

ഉച്ചൈഃ സ്വരം (ക്രി വി) ഉച്ചത്തില്‍
ആഹ്വയന്തഃ ( ത പു പ്ര ബ) വിളിക്കുന്നവരായി
സഹസാ (അ) പെട്ടെന്ന്‌
ഏവ (അ) തന്നെ
ഗന്തും (തുമുന്‍ അ) പോകാനായി
സമാരഭന്തേ ( ലട്‌ ആ പ്രപു ബ)
തുടങ്ങുന്നു

കാട്ടാളന്മാര്‍ സന്ധ്യയാകുന്നതു കണ്ടിട്ട്‌ വിറകും ഇലകളും കിഴങ്ങുകളും മറ്റും തലയില്‍ ചുമന്നിട്ട്‌ കൂട്ടത്തിലുള്ളവരെ ഉറക്കെ വിളിച്ചു കൊണ്ട്‌ പോകാനൊരുങ്ങുന്നു

75
ശതം ശതം വ്യോമനി ബദ്ധമാലാഃ
ശാല്‍ക്കാരവാചാലവിലോലപക്ഷാഃ
വ്രജന്തി ലക്ഷീകൃതവാസവൃക്ഷാഃ
മനോജവാഃ പശ്യ പതത്രിണോമീ

അമീ (അദശ്ശബ്ദം പു പ്ര ബ) ഈ
പതത്രിണഃ (ന പു പ്ര ബ) പക്ഷികള്‍
വ്യോമനി ( ന ന സ ഏ) ആകാശത്തില്‍
ശതം ശതം ( അ ന പ്ര ഏ) നൂറുകണക്കിനായി
ബദ്ധമാലാഃ (അ പു പ്ര ബ) മാലപോലെ വരിവരിയായി
ശാല്‍ക്കാരവാചാലവിലോലപക്ഷാഃ (അ പു പ്ര ബ)ഇളകുന്ന ചിറകുകളുടെ ശബ്ദത്താല്‍ മുഖരിതമായ
ലക്ഷീകൃതവാസവൃക്ഷാഃ (അ പു പ്ര ബ) താമസിക്കുന്ന വൃക്ഷത്തെ ലക്ഷ്യമാക്കി പോകുന്നവയായ
മനോജവാഃ (അ പു പ്ര ബ) മനാവേഗത്തില്‍ സഞ്ചരിക്കുന്നവയായ
വ്രജന്തി (ലട്‌ പ പ്രപു ബ) പോകുന്നത്‌
പശ്യ (ലോട്‌ പ മ പു ഏ) കണ്ടാലും

പക്ഷികള്‍ നൂറുകണക്കിന്‌ വരിവരിയാീ ചിറകടി ശബ്ദത്തോടുകൂടി അവ താമസിക്കുന്ന വൃക്ഷങ്ങളെ ലക്ഷ്യമാക്കി പോകുന്നത്‌ കണ്ടോ
76
ഭുവഃ പരാഗേ ബഹുശോ ലുഠിത്വാ
പ്രവിശ്യ നീഡം കളവിംഗയൂഥം
ധിനോത്യപത്യാനി ബുഭുക്ഷിതാനി
ഗ്രാസേന ചഞ്ചൂപുടസഞ്ചിതേന

കളവിംഗയൂഥം (അ ന പ്ര ഏ) കളവിംഗങ്ങളുടെ - ഊര്‍ക്കുരീല്‍ പക്ഷികളുടെ, യൂഥം - കൂട്ടം

ഭുവഃ (ഊ സ്ത്രീ ഷ ഏ) ഭൂവിന്റെ - ഭൂമിയുടെ

പരാഗേ (അ പു സ ഏ) പരാഗത്തില്‍ - പൊടിയില്‍
ബഹുശഃ (അ) പലപ്രാവശ്യം)

ലുഠിത്വാ (ക്ത്വാ അ) ലുഠിച്ചിട്ട്‌ - ഉരുണ്ടിട്ട്‌

നീഡം ( അ പു ദ്വി ഏ) നീഡത്തെ - കൂടിനെ
പ്രവിശ്യ (ല്യ അ) പ്രവേശിച്ചിട്ട്‌

ചഞ്ചൂപുടസഞ്ചിതേന (അ പു തൃ ഏ) ചഞ്ചുക്കളുടെ - കൊക്കുകളുടെ, പുടത്തില്‍ - ഉള്ളില്‍ സഞ്ചിതമായ - ശേഖരിച്ചിട്ടുള്ള
ഗ്രാസേന (അ പു തൃ ഏ) ഗ്രാസം കൊണ്ട്‌ - ഭക്ഷണപദാര്‍ഥം കൊണ്ട്‌

ബുഭുക്ഷിതാനി (അ ന ദ്വി ബ) വിശന്നിരിക്കുന്ന
അപത്യാനി ( അ ന ദ്വി ബ) അപത്യങ്ങളെ - കുഞ്ഞുങ്ങളെ
ധിനോതി (ലട്‌ പ പ്രപു ഏ) പ്രീണിപ്പിക്കുന്നു - സന്തോഷിപ്പിക്കുന്നു

ഊര്‍ക്കുരീല്‍ പക്ഷികള്‍ ഭൂമിയിലെ മണ്ണിലും പൊടിയിലും പലപ്രാവശ്യം കിടന്നുരുണ്ടിട്ട്‌ കൂട്ടിനുള്ളില്‍ ചെന്ന് കൊക്കില്‍ ശെഖരിച്ച ഭക്ഷണപദാര്‍ഥം കൊടുത്ത്‌ കുഞ്ഞുങ്ങളെ സന്തോഷിപ്പിക്കുന്നു

77
തദേഹി ശൗരേ തപനവ്യപായാല്‍
പ്രാഗേവ യാമഃ പദമസ്മദീയം
ഇയം ക്ഷിതിഃ ശ്വഭ്രതടേന പശ്ചാല്‍
ദുസ്സഞ്ചരാ ലുബ്ധകനിര്‍മ്മിതേന

ശൗരേ (ഇ പു സം പ്ര ഇ) അല്ലയോ ശൗരേ

ഇയം (ഇദംശബ്ദം സ്ത്രീ പ്ര ഏ) ഈ
ക്ഷിതിഃ (ഇ സ്ത്രീ പ്ര ഏ) ഭൂമി
ലുബ്ധകനിര്‍മ്മിതേന (അ ന തൃ ഏ) ലുബ്ധകനിര്‍മ്മിതമായ - കിരാതന്മാരാല്‍ ഉണ്ടാക്കപ്പെട്ട
ശ്വഭ്രതടേന (അ ന തൃ ഏ) കുഴികള്‍ കാരണം
പശ്ചാല്‍ (അ) പിന്നീട്‌
ദുസ്സഞ്ചരാ (ആ സ്ത്രീ പ്ര ഏ) സഞ്ചരിക്കുവാന്‍ വിഷമമുള്ളവ
സ്യാല്‍ (ലി ങ്‌ പ പ്ര പു ഏ) ആയി തീരും
തല്‍ (അ) അതിനാല്‍
ഏഹി (ലോട്‌ പ മപു ഏ) വന്നാലും

തപനവ്യപായാല്‍ (അ പു പ ഏ) സൂര്യാസ്തമനത്തിനു
പ്രാഗ്‌ ഏവ (അ) മുന്‍പു തന്നെ
അസ്മദീയം ( അ ന ദ്വി ഏ) നമ്മെ സംബന്ധിച്ച - നമ്മുടെ
പദം (അ ന ദ്വി ഏ) പദത്തെ - സ്ഥാനത്തെ
യാമഃ (ലട്‌ പ ഉ പു ബ) പ്രാപിക്കാം

അല്ലയോ കൃഷ്ണാ ഈ സ്ഥലം കിരാതനാര്‍ മൃഗങ്ങളെ വീഴിക്കാന്‍ ഉണ്ടാക്കിയ കിടങ്ങുകളാല്‍ നിറഞ്ഞതുകൊണ്ട്‌ യാത്ര ചെയ്യുവാന്‍ വിഷമം ഉള്ളതാണ്‌ അതുകൊണ്ട്‌ സൂര്യന്‍ അസ്തമിക്കുന്നതിനു മുന്‍പു തന്നെ നമുക്കു നമ്മുടെ സ്ഥാനത്തേക്കു പോകാം
78-

ശ്രുത്വേതി രാമസ്യ ഗിരം മുരാരി:
അസ്ത്വേവമിത്യാദരപൂര്‍വമുക്ത്വാ
സഹ പ്രതസ്ഥേ സ ച മിത്രവര്‍ഗ്ഗൈഃ
പ്രചണ്ഡശൃംഗധ്വനിപൂരിതാശൈഃ

സ: (തഛ പു പ്ര ഏ) ആ
മുരാരിഃ (ഇ പു പ്ര ഏ) മുരാരി - കൃഷ്ണന്‍
ഇതി (അ) ഇപ്രകാരം
രാമസ്യ (അ പു ഷ ഏ) രാമന്റെ
ഗിരം (രേ സ്ത്രീ ദ്വി ഏ) ശബ്ദത്തെ
ശ്രുത്വാ (ക്ത്വാ അ) കേട്ടിട്ട്‌

ഏവം (അ) അപ്രകാരം
അസ്തു (ലോട്‌ പ പ്രപു ഇ) ആകട്ടെ
ഇതി (അ) ഇപ്രകാരം
ആദരപൂര്‍വം (ക്രി വി) ആദരവോടു കൂടി
ഉക്ത്വാ (ക്ത്വാ അ) പറഞ്ഞിട്ട്‌
പ്രചണ്ഡശൃംഗധ്വനിപൂരിതാശൈഃ (അ പു തൃ ബ) ദിക്കുകളെ അതുച്ചത്തിലുള്ള കൊമ്പുവിളികളാല്‍ നിറഞ്ഞവയാക്കിയ
മിത്രവര്‍ഗ്ഗൈഃ (അ പു തൃ ബ) കൂട്ടുകാരോട്‌
സഹ (അ) കൂടി
പ്രതസ്ഥെ (ലിട്‌ ആ പ്ര പു ഏ) പോയി
ച (അ)

ബലരാമന്റെ ഇപ്രകാരമുള്ള വാക്കുകള്‍ കേട്ട്‌ കൃഷ്ണന്‍ അങ്ങനെയാകട്ടെ എന്ന് ആദരവോടുകൂടി പറഞ്ഞിട്ട്‌ അതുച്ചത്തിലുള്ള കുഴല്വിളികളാല്‍ ദിക്കുകളെ നിറച്ച കൂട്ടുകാരോടൊപ്പം പോയി

79
സഹ പ്രയാണായ കൃതത്വരാണാം
ഊധോഭരാദ്ദൂരവിളംബിനീനാം
സ തത്ര തത്ര പ്രതിപാല്യ തസ്ഥൗ
പ്രീതോ ഗവാമാഗമനം മുകുന്ദഃ

സ: (തഛ-പു-പ്ര-ഏ) ആ
മുകുന്ദഃ (അ പു പ്ര -ഏ) മുകുന്ദന്‍
സഹപ്രയാണായ (അ ന ച ഏ) കൂടെ പോകുന്നതിനായി
കൃതത്വരാണാം (ആ സ്ത്രീ ഷ ബ) കൃതത്വരകളായി - ബദ്ധപ്പെട്ടു നില്‍ക്കുന്ന
ഊധോഭരാത്‌ (അ പു പ ഏ) ഊധോഭരം ഹേതുവായി - ഭാരമുള്ള അകിടു കാരണം
ദൂരവിളംബിനീനാം - ഈ സ്ത്രീ ഷ ബ) പതുകെ സഞ്ചരിക്കുന്നവയായ
ഗവാം (ഓ സ്ത്രീ ഷ ബ) പശുക്കളുടെ
ആഗമനം (അ ന ദ്വി ഏ) വരവിനെ
തത്ര തത്ര (അ) അവിടവിടെ
പ്രതിപാല്യ (ല്യ അ) പ്രതീക്ഷിച്ചിട്ട്‌
പ്രീതഃ ( അ പു പ്ര ഏ) പ്രീതനായി - സന്തുഷ്ടനായി
തസ്ഥൗ (ലിട്‌ പ പ്രപു ഏ) സ്ഥിതി ചെയ്തു

ശ്രീകൃഷ്ണന്‍, അകിടിന്റെ ഭാരം മൂലം വളരെ പതിയെ സഞ്ചരിക്കുന്ന പശുക്കളും തന്റെ ഒപ്പം എത്തിചേരാനായി അവിടവിടെ പ്രതീഷിച്ചു സന്തുഷ്ടനായി നിന്നു
80

സമാവൃതോ ഗോപജനേന നന്ദഃ
ഗോപാംഗനാഭിശ്ച വൃതാ യശോദാ
അതിഷ്ഠതാമധ്വനി ലോചനാഭ്യാം
പുത്രാഗതിപ്രേക്ഷണസസ്പൃഹാഭ്യാം

സമാവൃതഃ (അ-പു-പ്ര-ഏ)
ഗോപജനേന (അ-പു-തൃ-ഏ)
നന്ദഃ (അ-പു-പ്ര-ഏ)
ഗോപാംഗനാഭി (ആ-സ്ത്രീ-തൃ-ബ)
ച (അ)
വൃതാ (ആ-സ്ത്രീ-പ്ര-ഏ)
യശോദാ (ആ-സ്ത്രീ-പ്ര-ഏ)
അതിഷ്ഠതാം (ലങ്ങ്‌-പ-പ്ര-ദ്വി)
അധ്വനി (ന-പു-സ-ഏ)
ലോചനാഭ്യാം (അ-ന-തൃ-ദ്വി)
പുത്രാഗതിപ്രേക്ഷണസസ്പൃഹാഭ്യാം (അ-ന-തൃ-ദ്വി)

ഗോപജനേന സമാവൃതഃ നന്ദഃ ഗോപാംഗനാഭിഃ വൃതാ യശോദാ ച പുത്രാഗതിപ്രേക്ഷണസസ്പൃഹാഭ്യാം ലോചനാഭ്യാം അധ്വനി അതിഷ്ഠതാം

ഗോപാലന്മാരാല്‍ ചുറ്റപെട്ട്‌ നന്ദഗോപനും, ഗോപസ്ത്രീകളാല്‍ ചുറ്റപ്പെട്ടവളായി യശോദയും മക്കളുടെ വരവിനെ കാണുന്നതില്‍ ഇച്ഛയോടുകൂടിയ കണ്ണുകളുമായി വഴിയില്‍ നിന്നു.

4-81 ചകാര കര്‍ണേഷു തയോഃ പ്രമോദം
ദാമോദരാപൂരിതശ്രൃംഗനാദഃ
ദിവി പ്രസര്‍പ്പന്നഥ പാംസുപൂരഃ
നേത്രേഷു പീയൂഷമിവാഭ്യവര്‍ഷത്‌

ചകാര (ലിട്‌-പ-പ്ര-ഏ)
കര്‍ണേഷു (അ-പു-സ-ബ)
തയോഃ (തച്ഛ-പു-ഷ-ദ്വി)
പ്രമോദം (അ-പു-ദ്വി-ഏ)
ദാമോദരാപൂരിതശ്രൃംഗനാദഃ (അ-പു-പ്ര-ഏ)
ദിവി (വ-സ്ത്രീ-സ-ഏ)
പ്രസര്‍പ്പന്‍ (ത-പു-പ്ര-ഏ)
അഥ (അ)
പാംസുപൂരഃ (അ-പു-പ്ര-ഏ)
നേത്രേഷു (അ-ന-സ-ബ)
പീയൂഷം (അ-ന-ദ്വി-ഏ)
ഇവ (അ)
അഭ്യവര്‍ഷത്‌ (ലങ്ങ്‌-പ-പ്ര-ഏ)

ദാമോദരാപൂരിതശൃംഗനാദഃ തയോഃ കര്‍ണ്ണേഷു പ്രമോദം ചകാര അഥ ദിവി പ്രസര്‍പ്പന്‍ പാംസുപൂരഃ നേത്രേഷു പീയുഷം അഭ്യവര്‍ഷല്‍ ഇവ

കൃഷ്ണന്റെ കൊമ്പുവിളിയുടെ നാദം നന്ദയശോദമാരുടെ കര്‍ണ്ണങ്ങള്‍ക്ക്‌ ആനന്ദമേകി. പിന്നീട്‌ (പശുക്കളുടെ കുളമ്പേറ്റ്‌ പൊങ്ങിയ) പൊടിയുടെ കൂട്ടം അവരുടെ നയനങ്ങളില്‍ അമൃതത്തെ വര്‍ഷിച്ചുവോ എന്നു തോന്നും

തൗ ധൂസരാംഗൗ രജസാ കുമാരൗ
ഗത്വാ സ നന്ദഃ പരിരഭ്യ ഗാഢം
ആത്മാനമാനന്ദസമുദ്രമഗ്നം
നാലം സമുദ്ധര്‍ത്തുമഭൂഃ മുഹൂര്‍ത്തം

തൗ (തച്ഛ-പു-ദ്വി-ദ്വി)
ധൂസരാംഗൗ (അ-പു-ദ്വി-ദ്വി)
രജസാ (സ-ന-തൃ-ഏ)
കുമാരൗ (അ-പു-ദ്വി-ദ്വി)
ഗത്വാ (ക്ത്വാ-അ)
സഃ (തച്ഛ-പു-പ്ര-ഏ)
നന്ദഃ (അ-പു-പ്ര-ഏ)
പരിരഭ്യ (ല്യ-അ)
ഗാഢം (ക്രി-വി)
ആത്മാനം (ന-പു-ദ്വി-ഏ)
ആനന്ദസമുദ്രമഗ്നം (അ-പു-ദ്വി-ഏ)
ന അലം (അ)
സമുദ്ധര്‍ത്തും (തുമുന്‍-അ)
അഭൂഃ (ലുങ്ങ്‌-പ-പ്ര-ഏ)
മുഹൂര്‍ത്തം (അ-പു-ദ്വി-ഏ)

സഃ നന്ദഃ രജസാ ധൂസരാംഗൗ തൗ കുമാരൗ ഗത്വാ ഗാഢം പരിരഭ്യ ആനന്ദസമുദ്രമഗ്നം ആത്മാനം മുഹൂര്‍ത്തം ഉദ്ധര്‍ത്തും അലം ന അഭൂല്‍

നന്ദഗോപര്‍ , പൊടിയില്‍ കുളിച്ച ആ കുമാരന്മാരെ മാറോടുചേര്‍ത്തുപുണര്‍ന്ന്‌ ആനന്ദസമുദ്രത്തില്‍ മുങ്ങിയ തന്നെ അല്‍പസമയത്തേക്ക്‌ അതില്‍ നിന്നും പുറത്തുവരുവാന്‍ ശക്തനായി ഭവിച്ചില്ല - (കുറെ നേരത്തേക്ക്‌ അതിലങ്ങ്‌ മുഴുകിനിന്നുപോയി എന്ന്‌)

4-83 ഉത്പത്യ ധാവദ്ഭിരുദസ്തശസ്ത്രൈഃ
ക്ഷ്വേളാരവക്ഷോഭിതദിഗ്വിഭാഗൈഃ
ആഭിരവീരൈസ്സവൃതഃ പ്രപേദേ
ഘോഷം സമാകര്‍ണ്ണിതതൂര്യഘോഷം

ഉത്പത്യ (ല്യ-അ)
ധാവദ്ഭിഃ (ത-പു-തൃ-ബ)
ഉദസ്തശസ്ത്രൈഃ (അ-പു-തൃ-ഏ)
ക്ഷ്വളാരവക്ഷോഭിതദിഗ്വിഭാഗൈഃ (അ-പു-തൃ-ഏ)
ആഭിരവീരൈഃ (അ-പു-തൃ-ഏ)
സഃ (തച്ഛ-പു-പ്ര-ഏ)
വൃതഃ (അ-പു-പ്ര-ഏ)
പ്രപേദേ (ലിട്‌-ആ-പ്ര-ഏ)
ഘോഷം (അ-ന-ദ്വി-ഏ)
സമാകര്‍ണ്ണിതതൂര്യഘോഷം (അ-ന-ദ്വി-ഏ)

സഃ ഉല്‍പത്യ ധാവദ്ഭിഃ ഉദസ്തശസ്ത്രൈഃ ക്ഷ്വേളാരവക്ഷോഭിതദിഗ്വിഭാഗൈഃ ആഭീരവീരൈഃ വൃതഃ സമാകര്‍ണ്ണിതതൂര്യഘോഷം ഘോഷം പ്രപേദേ

കുതിച്ചുചാടിക്കൊണ്ടിരിക്കുന്നവരും ആയുധങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച്‌ സിംഹനാദങ്ങള്‍ ഉയര്‍ത്തുന്നവരും ആയ ഗോപാലവീരന്മാരാല്‍ ചുറ്റപ്പെട്ട ശ്രീകൃഷ്ണന്‍, വ്യക്തമായി കേല്‍ക്കുന്ന പെരുമ്പറനാദത്തോടുകൂടിയ അമ്പാടിയില്‍ ചെന്നുചേര്‍ന്നു

4-84 ചാടൂക്തിഭിഃ പാര്‍ശ്വചരാനശേഷാന്‍
വിസൃജ്യ ഗോപാന്‍ സഹിതസ്സമിത്രൈഃ
വിവേശ കൃഷ്ണോ ഭവനം ദിനാന്തേ
സമുജ്വലം മംഗളദീപികാഭിഃ

ചാടൂക്തിഭിഃ (ഇ-സ്ത്രീ-തൃ-ബ)
പാര്‍ശ്വചരാന്‍ (അ-പു-ദ്വി-ബ)
അശേഷാന്‍ (അ-പു-ദ്വി-ബ)
വിസൃജ്യ (ല്യ-അ)
ഗോപാന്‍ (അ-പു-ദ്വി-ബ)
സഹിതഃ (അ-പു-പ്ര-ഏ)
സഃ (തച്ഛ-പു-പ്ര-ഏ)
മിത്രൈഃ (അ-ന-തൃ-ബ)
വിവേശ (ലിട്‌-പ-പ്ര-ഏ)
കൃഷ്ണഃ (അ-പു-പ്ര-ഏ)
ഭവനം (അ-ന-ദ്വി-ഏ)
ദിനാന്തേ (അ-ന-സ-ഏ)
സമുജ്വലം (അ-ന-ദ്വി-ഏ)
മംഗളദീപികാഭിഃ (ആ-സ്ത്രീ-തൃ-ബ)

സഃ കൃഷ്ണഃ ചാടൂക്തിഭിഃ പാര്‍ശ്വചരാന്‍ അശേഷാന്‍ ഗോപാന്‍ വിസൃജ്യ മിത്രൈഃ സഹിതഃ ദിനാന്തേ മംഗളദീപികാഭിഃ സമുജ്വലം ഭവനം വിവേശ

ആ കൃഷ്ണന്‍ നല്ലവാക്കുകള്‍ പറഞ്ഞ്‌ കൂടെ വന്ന ഗോപന്മാരെ ഒക്കെ പറഞ്ഞയച്ചിട്ട്‌ , സുഹൃത്തുക്കളോടൂ കൂടി , സ്നധ്യാദീപങ്ങളാല്‍ പ്രകാശമാനമായ ഗൃഹത്തില്‍ പ്രവേശിച്ചു

4-85

കാമം ദിവാ കര്‍ണ്ണപഥം ഗതേന
നീതാഃ പ്രിയം വേണുരവേണ വിഷ്ണോഃ
പ്രതിപ്രിയം ചക്രുരമുഷ്യ സായം
ഗാവഃ പയോദോഹനനിസ്വനേന

കാമം (അ)
ദിവാ (അ)
കര്‍ണ്ണപഥം (അ-പു-ദ്വി-ഏ)
ഗതേന (അ-പു-തൃ-ഏ)
നീതാഃ (ആ-സ്ത്രീ-പ്ര-ബ)
പ്രിയം (അ-ന-ദ്വി-ഏ)
വേണുരവേണ (അ-പു-തൃ-ഏ)
വിഷ്ണോഃ (ഉ-പു-ഷ-ഏ)
പ്രതിപ്രിയം (അ-ന-ദ്വി-ഏ)
ചക്രുഃ (ലിട്‌-പ-പ്ര-ബ)
അമുഷ്യ (അദ-പു-ഷ-ഏ)
സായം (അ)
ഗാവഃ (ഓ-സ്ത്രീ-പ്ര-ബ)
പയോദോഹനനിസ്വനേന (അ-പു-തൃ-ഏ)

ദിവാ കാമം കര്‍ണ്ണപഥം ഗതേന വിഷ്‌ണോഃ വേണുരവേണ പ്രിയം നീതാഃ ഗാവഃ സായം പയോദോഹനനിസ്വനേന അമുഷ്യ പ്രതിപ്രിയം ചക്രുഃ

പകല്‍സമയത്ത്‌ കൃഷ്ണന്റെ ഓടക്കുഴല്‍നാദം കേട്ടു സന്തോഷിച്ച പശുക്കള്‍, വൈകുന്നേരങ്ങളില്‍ പാല്‍കറക്കുന്ന ശബ്ദത്താല്‍ കൃഷ്ണനെ സന്തോഷിപ്പിച്ചു

4-86

അനുദിനമിതി കുര്‍വ്വന്‍ പാലനം ഗോകുലസ്യ
ക്ഷണമിവ ദിവസാനി ക്രീഡയാ യാപയന്‍ സഃ
അഖിലമപി ധരിത്ര്യാഭാരമഭ്യുത്തരിഷ്യന്‍
അരമത സഹ ശൗരിസ്തത്ര സങ്കര്‍ഷണേന

അനുദിനം (അ)
ഇതി (അ)
കുര്‍വ്വന്‍ (ത-പു-പ്ര-ഏ)
പാലനം (അ-ന-ദ്വി-ഏ)
ഗോകുലസ്യ (അ-ന-ഷ-ഏ)
ക്ഷണം (അ-പു-ദ്വി-ഏ)
ഇവ (അ)
ദിവസാനി (അ-ന-ദ്വി-ബ)
ക്രീഡയാ (ആ-സ്ത്രീ-തൃ-ഏ)
യാപയന്‍ (ത-പു-പ്ര-ഏ)
സഃ (തച്ഛ-പു-പ്ര-ഏ)
അഖിലം (അ-പു-ദ്വി-ഏ)
അപി (അ)
ധരിത്ര്യാഃ (ഈ-സ്ത്രീ-ഷ-ഏ)
ഭാരം (അ-പു-ദ്വി-ഏ)
അഭ്യുത്തരിഷ്യന്‍ (ത-പു-പ്ര-ഏ)
അരമത (ലങ്ങ്‌-ആ-പ്ര-ഏ)
സഹ (അ)
ശൗരിഃ (ഇ-പു-പ്ര-ഏ)
തത്ര (അ)
സങ്കര്‍ഷണേന (അ-പു-ദ്വി-ഏ)

ഇതി അനുദിനം ഗോകുലസ്യ പാലനം കുര്‍വന്‍ ദിവസാനി ക്രീഡയാ ക്ഷണം ഇവ യാപയന്‍ ധരിത്ര്യാഃ അഖിലം ഭാരം അപി അഭ്യുദ്ധരിഷ്യന്‍ സഃ ശൗരിഃ തത്ര സങ്കര്‍ഷണേന സഹ അരമത

ഇപ്രകാരം ദിവസംതോറും പശുക്കളുടെ സമൂഹത്തെ പാലിക്കുന്നവനായും, കളികള്‍ കൊണ്ട്‌ ദിവസങ്ങളേ നിമിഷങ്ങള്‍ പോലെ കഴിച്ചുകൂട്ടുന്നവനായും, ഭൂമിയുടെ സകലഭാരങ്ങളേയും നിശ്ശേഷം ശമിപ്പിക്കുന്നവനും ആയി ആ ശ്രീകൃഷ്ണന്‍ ബലഭദ്രനോടുകൂടി ഗോകുലത്തില്‍ രസിച്ചു വാണു.